ADVERTISEMENT

മുംബൈ ∙ ദീർഘദൂര ട്രെയിനുകളിലെ യാത്രകൾ വീണ്ടും വർധിച്ചിരിക്കെ ട്രെയിനുകളിൽ കവർച്ചക്കാരും തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം നിസാമുദ്ദീനിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള സ്വർണജയന്തി എക്സ്പ്രസ് ട്രെയിനിൽ രണ്ടു മലയാളികളടക്കം മൂന്നു സ്ത്രീകളെ ബോധരഹിതരാക്കി സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവം യാത്രക്കാർക്ക് ഞെട്ടലായി. ഏറെക്കാലത്തിനു ശേഷമാണ് ഇത്രയും വലിയ കൊള്ള ട്രെയിനിൽ നടക്കുന്നത്. യുപിയിൽ നിന്നു കേരളത്തിലെ വീട്ടിലേക്കു പോവുകയായിരുന്ന അമ്മയും മകളുടെയും 17 പവൻ സ്വർണവും മൊബൈൽ ഫോണുകളും കോയമ്പത്തൂർ സ്വദേശിയായ സ്ത്രീയുടെ മൊബൈൽ ഫോണുമാണു നഷ്ടമായത്. ആലുവയിലും കായംകുളത്തും ഇറങ്ങേണ്ടിയിരുന്നവർക്ക് തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴാണ് ബോധം തെളിഞ്ഞത്.

കോവിഡ് നിരക്കിൽ കുറവു വരികയും രണ്ടു ഡോസ് വാക്സീനുകൾ എടുത്തവരുടെ എണ്ണം വർധിക്കുകയും ചെയ്തിരിക്കെ ട്രെയിൻ യാത്രികരും കൂടിയിട്ടുണ്ട്. ഏതാണ്ട് എല്ലാ ട്രെയിനുകളുടെയും സർവീസും പുനരാരംഭിച്ചു കഴിഞ്ഞു. എന്നാൽ, തിരക്കു പഴയപടി ആയിട്ടില്ല. ട്രെയിനുകൾ സാധാരണ നിലയിലേക്ക് എത്തവേ വീണ്ടും രംഗത്തെത്തിയിരിക്കുന്ന മോഷ്ടാക്കൾക്ക് യാത്രക്കാരുടെ തിരക്കു കുറവായത് കൂടുതൽ സൗകര്യമാകുന്നു. ഒട്ടേറെപ്പേർക്ക് വരുമാനം നിലച്ചതോടെ മോഷണവും പിടിച്ചുപറിയും വർധിക്കാനുള്ള സാധ്യതയുമേറെ. ഇൗ സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റെയിൽവേ പൊലീസ് മുന്നറിയിപ്പു നൽകുന്നു.

മറക്കരുതേ ഇൗ മുന്നറിയിപ്പുകൾ...
ദീർഘദൂര ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മധ്യറെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണർ കെ.കെ. അഷറഫ് പറയുന്നു:

∙ യാത്രക്കാരുടെ ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കിൽ പല തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാം. പലപ്പോഴും ചെറിയ അശ്രദ്ധയാണ് അപകടത്തിലേക്കു നയിക്കുന്നത്.
∙ യാത്രയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ഭക്ഷണത്തിലോ, ശീതള പാനീയങ്ങളിലോ, ബിസ്കറ്റുകളിലോ ലഹരി കലർത്തി മയക്കിയ ശേഷമുള്ള തട്ടിപ്പാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ മോഷണം നടത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങളുണ്ട്.
∙ അപരിചിതരുമായി സൗഹൃദം ഒഴിവാക്കുക, അവരിൽ നിന്നു ഭക്ഷണം വാങ്ങി കഴിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. പല വട്ടം മുന്നറിയിപ്പു നൽകിയിട്ടും, ഇപ്പോഴും ഒട്ടേറെപ്പേർ ഇത്തരം തട്ടിപ്പിൽ വീഴുന്നുണ്ട്.

കെ.കെ. അഷറഫ്.

∙ വെള്ളക്കുപ്പി പലപ്പോഴും സീറ്റിൽ അലക്ഷ്യമായി ഇടുക പതിവാണ്. അതിന്റെ ഉടമ ശുചിമുറിയിൽ പോകുമ്പോഴോ, ഇടയ്ക്കുളള സ്റ്റേഷനിൽ നിർത്തുമ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുമ്പോഴോ തട്ടിപ്പുസംഘം ഇൗ വെള്ളക്കുപ്പികളിൽ ലഹരിമരുന്ന് പൊടി ഇട്ടുവച്ചശേഷമുള്ള കവർച്ചയും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
∙ അടുത്തിരുന്നു യാത്ര ചെയ്തു സൗഹൃദം സ്ഥാപിച്ച് പുറത്തുപോയി വരുമ്പോൾ ചായയും കാപ്പിയും വാങ്ങി നൽകി സഹായിക്കുന്നവരിൽ നിന്ന് അവ സ്നേഹപൂർവം നിരസിക്കുക.
∙ മറ്റുള്ളവരെ കൂടുതൽ വിശ്വസിക്കുന്ന പ്രകൃതക്കാരാണു മലയാളികൾ. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. അതിനാൽ, തട്ടിപ്പിന് ഇരയാക്കപ്പെടാൻ സാധ്യത കൂടുതലാണ്.

∙ യാത്രാവേളയിൽ ഭക്ഷണം പരമാവധി കയ്യിലെടുക്കുക. അല്ലെങ്കിൽ പാൻട്രിയിൽ നിന്നു വാങ്ങുക. ലഗേജുകൾ ലോക്ക് ചെയ്തു വയ്ക്കുക.
∙ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ട്രെയിനിലെ ആർപിഎഫിനോട് ഇക്കാര്യം പറഞ്ഞാൽ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കാൻ അത് ഉപകരിക്കും.

∙ തട്ടിപ്പു സംബന്ധിച്ച സംശയം തോന്നിയാലോ, ആശങ്കപ്പെടുത്തുന്ന പെരുമാറ്റം ഏതെങ്കിലും യാത്രക്കാരിൽ നിന്നുണ്ടായാലോ ഉടൻ 139 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിക്കാം.
∙ railmadad.indianrailways.gov.in എന്ന വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യാൻ സംവിധാനമുണ്ട്.
∙ പരാതികൾ റെയിൽവേ അധികൃതരെയും ആർപിഎഫിനെയും അടക്കം ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്താൽ ഇടപെടാനും സംവിധാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com