ADVERTISEMENT

മുംബൈ ∙ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കടകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തന സമയം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കി. ഇന്നലെയായിരുന്നു തീരുമാനം.റസ്റ്ററന്റുകളും ഭക്ഷണശാലകളും രാത്രി 12 വരെയും മറ്റു കടകൾ രാത്രി 11 വരെയും പ്രവർത്തിക്കാനാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സമയം ഇന്നലെ നിലവിൽ വന്നു. ഇതുവരെ രാത്രി 10 വരെ പ്രവർത്തിക്കാനായിരുന്നു അനുമതി. ഉത്സവങ്ങളുടെ ഇക്കാലത്ത്, ഹോട്ടലുകളിലും മറ്റുമുള്ള തിരക്ക് കുറയ്ക്കുക കൂടി ലക്ഷ്യമാക്കിയാണു സമയം നീട്ടി നൽകുന്നതെന്നു സർക്കാർ വെളിപ്പെടുത്തി. എന്നാൽ, ഹോട്ടലുകളിൽ 50 ശതമാനം പേർ മാത്രമേ ഒരേസമയം പാടുള്ളുവെന്ന മാർഗരേഖ തുടരും. ഈ മാസം 22 മുതൽ അമ്യൂസ്മെന്റ് പാർക്കുകൾ വീണ്ടും തുറക്കാൻ അനുവദിച്ചതിനു പിന്നാലെയാണ് ഭക്ഷണശാലകളുടെയും കടകളുടെയും സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകാൻ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി സർക്കാരിനു പച്ചക്കൊടി നൽകിയിരുന്നു.

അതേസമയം, ആവശ്യമെങ്കിൽ സമയം പുതുക്കാൻ പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. അതതു മേഖലയിലെ കോവിഡ് നിലവാരം വിലയിരുത്തിയാകും അത്തരം തീരുമാനങ്ങളെടുക്കുക. തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോവിഡ് ടാസ്ക് ഫോഴ്സും യോഗം ചേർന്നതിനു ശേഷമാണു സമയം നീട്ടാൻ തീരുമാനിച്ചത്. തീരുമാനത്തെ നഗരവാസികളും ഹോട്ടൽ വ്യവസായികളും സ്വാഗതം ചെയ്തു.

തകർച്ചയുടെ വക്കിൽ എത്തിയ ഹോട്ടൽ വ്യവസായ മേഖലയെ കൈപിടിച്ചുയർത്തുന്ന തീരുമാനം സ്വാഗതാർഹമെന്നു മുംബൈ അഹമ്മദാബാദ് ദേശീയ പാതയിൽ ലോട്ടസ് ധാബ നടത്തുന്ന വയനാട് സ്വദേശി കമറു സമാൻ. പകൽ മുഴുവൻ പണിയെടുത്തു രാത്രിയിൽ കുടുംബ സമേതം ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കുന്ന ധാരാളം പേരുണ്ട്. മിക്കവരും രാത്രി 9നു ശേഷമാണ് എത്തുക. നേരത്തെ കടയടയ്ക്കുന്നതിനാൽ ഇത്തരക്കാർ ആരും ഏറെക്കാലമായി വന്നിരുന്നില്ല. പഴയ നല്ലകാലം തിരിച്ചെത്തുന്നതിൽ ആശ്വാസമുണ്ടെന്നും കമറു സംതൃപ്തി പ്രകടിപ്പിച്ചു. സമയം നീട്ടിയതോടെ, പഴയ തൊഴിലാളികളെ ഹോട്ടലുകാർ തിരിച്ചുവിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ പ്രശസ്തമായ മലയാളി ഹോട്ടലുകളിൽ പുറത്തു പാഴ്സൽ നൽകുന്നവർ അടക്കം പലരും ഉത്തരേന്ത്യക്കാരാണ്. 

ആവേശത്തോടെ മലയാളികൾ

കുടുംബത്തോടൊപ്പം നഗരത്തിലെത്തി കേരള രുചികൾ ആസ്വദിച്ചിരുന്ന കണ്ണൂർ സ്വദേശി ഉണ്ണിക്കൃഷ്ണനു സർക്കാർ തീരുമാനത്തിൽ കുറച്ചൊന്നുമല്ല ആഹ്ലാദം. ഉണ്ണിക്കൃഷ്ണന്റെ മരുമകൻ നികേതൻ പാട്ടീൽ മഹാരാഷ്ട്ര സ്വദേശിയാണ്. അദ്ദേഹത്തിനു കേരളഭക്ഷണം ഹരമാണ്. ഇഷ്ടഭക്ഷണത്തിനായി നവിമുംബൈയിൽ നിന്നു ദക്ഷിണ മുംബൈയിൽ ഫോർട്ടിലെ ഹോട്ടലിലേക്കു കാറോടിച്ച് കുടുംബം എത്താറുണ്ട്. ബോംബെ റസ്റ്ററന്റിലെ ഗോതമ്പു ദോശയും പാവയ്ക്ക പച്ചടിയുമാണ് തന്റെ ഇഷ്ടമെങ്കിൽ മീൻകറിയാണ് മരുമകന് ഇഷ്ടമെന്നു ഉണ്ണിക്കൃഷ്ണൻ. ഭാര്യയും മകളും എല്ലാറ്റിനും ഒപ്പം കൂടും. മാസത്തിൽ 2 തവണ ഇത്തരം ട്രിപ് പതിവായിരുന്നു. വീണ്ടും നല്ല ദിവസങ്ങൾ എത്തുമ്പോൾ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ ? ഉണ്ണിക്കൃഷ്ണൻ ചോദിക്കുന്നു.

 

ഏറെ ബുദ്ധിമുട്ടിൽ കഴിഞ്ഞ ഹോട്ടൽ ആൻഡ് റസ്റ്റ‌റന്റ് മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് സർക്കാരിന്റേത്. പാർക്കുകളും മറ്റും തുറക്കുന്നതു മൂലം വീട്ടിനുള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞ കുട്ടികൾക്കും അമ്മമാർക്കും ആഹ്ലാദം പകരും. ഒന്നര വർഷം ഉറങ്ങിക്കിടന്ന വിവിധ മേഖലകളാണ് ഉണർന്നു തുടങ്ങുന്നത്. എല്ലാ രംഗത്തും മാറ്റം പ്രതിഫലിക്കും.

∙ അഡ്വ. സി.കെ. തോമസ്, വസായ്

കോവിഡ് കുറഞ്ഞതോടെ ബിസിനസ് പഴയ പോലെ ആകുമെന്നു പ്രതീക്ഷിച്ചിരുന്നു. അതിനാൽ തൊഴിലാളികളെ തിരിച്ചു വിളിച്ചിരുന്നു. ഇവരിൽ പലരും വന്നു കഴിഞ്ഞു. ചിലർ വന്നു കൊണ്ടിരിക്കുന്നു. അടുത്ത ആഴ്ചയോടെ എല്ലാവരും എത്തും. അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളളവരാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും. മൊത്തം 24 പേരുണ്ട്. നേരത്തെ കൂടുതൽ പേർ ഉണ്ടായിരുന്നു. 90 ശതമാനം ബിസിനസ് ഇപ്പോൾ നടക്കുന്നുണ്ട്.

∙ അബ്ദുൽ റസാഖ്, സൊസൈറ്റി റസ്റ്ററന്റ്, ബോറ മസ്ജിദ് സ്ട്രീറ്റ്, ഫോർട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com