ADVERTISEMENT

മുംബൈ ∙ കോവിഡിന്റെ രണ്ടു വ്യാപനങ്ങളെ അതിജീവിച്ച് സാധാരണനിലയിലേക്ക് മഹാരാഷ്ട്ര നീങ്ങവേ പുതിയ ഭീഷണിയായി ഒമിക്രോൺ വകഭേദം. വ്യാപനശേഷി കൂടുതലുളള ഡെൽറ്റ വകഭേദമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാംവ്യാപനത്തിനു കാരണമായത്. അതിലേറെ തീവ്രവ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ വകഭേദം.  പുണെയിൽ ഇന്നലെ 7 പേർക്ക് ഇത് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകൾ എട്ടായി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനാഫലം വരാനുണ്ട്.

ഇരുപത്തിയഞ്ചിലേറെപ്പേരുടെ പരിശോധനാഫലമാണ് ലഭിക്കാനുള്ളത്. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മുംബൈയിലെ കസ്തൂർബ ആശുപത്രി ലബോറട്ടറിയിലുമാണ് പരിശോധന. കേസുകൾ കൂടിയതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. വിമാനത്താവളങ്ങളിൽ പഴുതടച്ച പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇൗ മാസം ഒന്നു മുതൽ മുംബൈ, പുണെ, നാഗ്പുർ രാജ്യാന്തര വിമാനത്താവളങ്ങളിൽ വിദേശത്തു നിന്ന് 28,221 പേർ എത്തിയതായും 5444 പേരെ ആർടി-പിസിആർ പരിശോധനയ്ക്കു വിധേയമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. 

ലക്ഷണങ്ങൾ കുറവ്

കോവിഡ് വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ വകഭേദമെങ്കിലും പോസിറ്റീവ് ആകുന്നവരിൽ ചെറിയ രോഗലക്ഷണങ്ങൾ മാത്രമേയുളളൂവെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയവരിൽ ഒരാളെപ്പോലും ഓക്സിജൻ സംവിധാനത്തിലേക്കു മാറ്റേണ്ടിവന്നിട്ടില്ലെന്നും മരണനിരക്ക് വർധിക്കാൻ പുതിയ വകഭേദം കാരണമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ വകഭേദത്തിന്റെ പേരിൽ ജനങ്ങൾ ആശങ്കയിലാകേണ്ടെന്നും കോവിഡ് ചട്ടങ്ങൾ നിർബന്ധമായി പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുകയാണു വേണ്ടതെന്നും രാജേഷ് തോപ്പെ ചൂണ്ടിക്കാട്ടി. വ്യാപനശേഷി കൂടതലുള്ള വകഭേദമായതിനാൽ മാസ്ക് ധരിക്കാതെയും മറ്റും നടക്കുന്നതു ഭീഷണിയാകും. 

വ്യാപാരികൾക്ക് വീണ്ടും നെഞ്ചിടിപ്പ്

ഒമിക്രോൺ കേസുകൾ വർധിക്കുന്നത് വ്യാപാരി-വ്യവസായികൾക്ക് നെഞ്ചിടിപ്പു കൂട്ടുന്നു. കോവിഡിന്റെ ഒന്നും രണ്ടും വ്യാപനത്തിനു പിന്നാലെ കച്ചവടം പച്ചപിടിച്ചുവരുന്ന വേളയിലാണ് ഒമിക്രോൺ ഭീഷണി. വ്യാപനശേഷി കൂടുതലുണ്ടെങ്കിലും രോഗം ഗുരതരമാകില്ലെന്ന റിപ്പോർട്ടുകളിൽ ആശ്വാസം കൊള്ളുകയാണവർ.

വാക്സിനേഷൻ സജീവം

നവിമുംബൈ ∙ ഒമിക്രോൺ ഉയർത്തിയ ആശങ്കയ്ക്കു പിന്നാലെ നവിമുംബൈയിലെ വാക്‌സിനേഷൻ  കേന്ദ്രങ്ങൾ  വീണ്ടും സജീവമായി. ഒന്നാം വാക്‌സിനേഷൻ കഴിഞ്ഞ പലരും രണ്ടാമത്തെ വാക്‌സിനേഷൻ എടുക്കാൻ വിമുഖത കാട്ടിയിരുന്നു. അവരാണ് ഒമിക്രോൺ വകഭേദം വ്യാപിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് വാക്സിനേഷനു സന്നദ്ധരായിരിക്കുന്നത്. നവിമുംബൈയിൽ ഒന്നാം വാക്‌സിനേഷൻ ഭൂരിഭാഗം പേരും എടുത്തതയാണ് കണക്ക്. എന്നാൽ, രണ്ടാമത്തെ വാക്‌സിനേഷൻ 70 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. 

മുനിസിപ്പാലിറ്റി അധികൃതർ വീടുവീടാന്തരം കയറി ബോധവൽക്കരണം നൽകിയിട്ടും ജനങ്ങൾ രണ്ടാമത്തെ  വാക്‌സിനേഷന് വിമുഖത കാട്ടിയിരുന്നു. എന്നാൽ, അലംഭാവം കാണിച്ചവരിൽ വലിയൊരു വിഭാഗം ഇപ്പോൾ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുകയാണ്. നവിമുംബൈയിൽ നഗരസഭാ അതിർത്തിയിൽ ഇപ്പോൾ 28 കോവിഡ് കേസുകൾ മാത്രമാണുള്ളത്. ആശുപത്രികളിൽ 92 ശതമാനം കിടക്കകൾ കാലിയാണ്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന്  എത്തുന്നവരെ നിരീക്ഷിച്ചു വരികയാണെന്നു കമ്മിഷണർ പറഞ്ഞു.

ഒമിക്രോൺ ഒറ്റനോട്ടത്തിൽ

ഇന്നലെ

∙ നൈജീരിയയിലെ ലാഗോസിൽ നിന്ന് നവംബർ 24ന് പുണെയിലെ പിംപ്രി-ചിഞ്ച്‌വാഡിൽ സഹോദരന്റെ വീട്ടിലെത്തിയ സ്ത്രീ (44). അവരുടെ 18, 12 വയസ്സുള്ള രണ്ടു പെൺമക്കൾ.

∙ നൈജീരിയയിൽ നിന്നെത്തിയ സ്ത്രീയുടെ പിംപ്രി-ചിഞ്ച്‌വാഡിലെ സഹോദരൻ (45). അദ്ദേഹത്തിന്റെ ഏഴും ഒന്നരയും വയസ്സുള്ള രണ്ടു പെൺമക്കൾ.

∙ ഫിൻലൻഡിൽ നിന്നു പുണെയിലെത്തിയ ആൾ (47).

∙ എല്ലാവരും പിംപ്രിയിലെ ജീജമാത ആശുപത്രിയിൽ ചികിത്സയിൽ. 

ശനിയാഴ്ച

∙ ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ മാസം 24ന് മുംബൈയിൽ തിരിച്ചെത്തിയ ഡോംബിവ്‍‌ലി നിവാസി (33).

∙ ഇദ്ദേഹം കല്യാണിൽ മുനിസിപ്പൽ കോർപറേഷൻ കേന്ദ്രത്തിൽ ചികിത്സയിൽ.

ആരോഗ്യസ്ഥിതി

നൈജീരിയയിൽ നിന്നെത്തിയ സ്ത്രീക്കും ഡോംബിവ്‍ലി സ്വദേശിക്കും ചെറിയ കോവിഡ് ലക്ഷണങ്ങൾ. മറ്റുള്ളവർക്ക് കാര്യമായ രോഗലക്ഷണങ്ങളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com