ADVERTISEMENT

മുംബൈ ∙ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മുംബൈയിൽ വാട്ടർ ടാക്സി യാഥാർഥ്യമാകുന്നു. മുംബൈ-നവിമുംബൈ നഗരങ്ങൾക്കിടയിലുള്ള വാട്ടർ ടാക്സി സർവീസ് ജനുവരി ആദ്യവാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദക്ഷിണ മുംബൈയിൽ നിന്ന് അര മണിക്കൂർകൊണ്ട് നവിമുംബൈയിൽ എത്താനാകുമെന്നതാണു നേട്ടം. റോഡ് വഴി ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ വേണ്ടിവരുന്നിടത്താണിത്. 

മുംൈബ പോർട്ട് ട്രസ്റ്റ്, സംസ്ഥാന സർക്കാരിനു കീഴിലുള്ള മഹാരാഷ്ട്ര മാരിടൈം ബോർഡ്, സിഡ്കോ എന്നിവ ചേർന്നാണു പദ്ധതി  ആസൂത്രണം ചെയ്തിരിക്കുന്നത്. ഇൻഫിനിറ്റി ഹാർബർ സർവീസസ്, വെസ്റ്റ് കോസ്റ്റ് എന്നീ രണ്ടു സ്വകാര്യ കമ്പനികൾക്കാണു വാട്ടർ ടാക്സി നടത്തിപ്പിനുള്ള കരാർ. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന രണ്ട് എൻജിനുകളുള്ള ഹൈസ്പീഡ് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. 

ദക്ഷിണ മുംബൈയിലെ മസ്ഗാവിലെ ഡൊമസ്റ്റിക് ക്രൂസ് ടെർമിനൽ (ഡിസിടി) കേന്ദ്രീകരിച്ചാണ് വാട്ടർ ടാക്സി നടത്തിപ്പ്. മസ്ഗാവിൽ നിന്ന് നവിമുംബൈയിലെ ബേലാപുർ, നെരൂൾ, വാശി, ഐരോളി, അലിബാഗിലെ രേവസ്, നവിമുംബൈയിലെ ജെഎൻപിടി തുറമുഖം, കരഞ്ജാഡെ എന്നിവിടങ്ങളിലേക്കും ദക്ഷിണ മുംബൈയിലെ ഇന്റർനാഷനൽ ക്രൂസ് ടെർമിനലിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ കേവ്‍സിലേക്കുമാണു സർവീസ്.

50, 40, 32, 14 സീറ്റുകളുള്ള ബോട്ടുകളാണു ഇൻഫിനിറ്റി ഹാർബർ സർവീസ് കമ്പനിക്കുള്ളത്. 12, 20 സീറ്റുകളുള്ള രണ്ട് ബോട്ടുകളാണു വെസ്റ്റ് കോസ്റ്റ് മറൈൻസ് സർവീസിന് ഇറക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരിക്കും വാട്ടർ ടാക്സി സർവീസ്. ആദ്യഘട്ടത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് തങ്ങളുടെ സർവീസുകളെന്നു ഇൻഫിനിറ്റി ഹാർബർ അധികൃതർ അറിയിച്ചു. മുംബൈ-നവിമുംബൈ പാതയിൽ ഒരാൾക്കു 1200-1500 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. 

ജെഎൻപിടിയിലേക്കും എലിഫന്റയിലേക്കും 750 രൂപയാകാനാണു സാധ്യത. ഹൈസ്പീഡ് ബോട്ടുകൾ ഉപയോഗിക്കുന്നതിനാലും അര മണിക്കൂർ കൊണ്ടു നവിമുംബൈയിൽ നിന്നു ദക്ഷിണ മുംബൈയിൽ എത്താമെന്നതിനാലുമാണ് ഉയർന്ന നിരക്ക് എന്നും പ്രതിമാസ പാസ് എടുക്കുന്നവർക്കു നിരക്കു പകുതിയാക്കാൻ ആലോചിക്കുന്നതായും ഇൻഫിനിറ്റി ഹാർബർ സർവീസ് അധികൃതർ പറഞ്ഞു. പ്രതിദിന യാത്രക്കാരെയാണു കൂടുതലും ഉദ്ദേശിക്കുന്നത്. തിരക്കു കൂടി വരുമാനം വർധിച്ചാൽ ടിക്കറ്റ് നിരക്കു കുറയ്ക്കാനും സർവീസ് വർധിപ്പിക്കാനുമാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com