ADVERTISEMENT

മുംബൈ ∙ ഇരുചക്ര വാഹനത്തിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി മുംബൈ ട്രാഫിക് പൊലീസ്. നഗരത്തിലെ വാഹനാപകട നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണിത്. രണ്ടാഴ്ച സമയപരിധി നൽകിയിട്ടുണ്ട്.    ഇന്നലെ മുതലുള്ള 15 ദിവസത്തിന് ശേഷം നടപടി ആരംഭിക്കുമെന്നു ട്രാഫിക് പൊലീസിന്റെ സർക്കുലറിൽ പറയുന്നു.

ഉത്തരവ് ലംഘിച്ച് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കൂടാതെ 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.   ഹെൽമറ്റ് ഇല്ലാതെ പിൻസീറ്റിൽ ഇരിക്കുന്നവരും പിഴ നൽകേണ്ടി വരും. നിലവിൽ നഗരത്തിലെ മിക്ക ഇരുചക്ര വാഹന യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നില്ലെന്നു സർക്കുലറിൽ പറയുന്നുണ്ട്. 

ഈയിടെ മുംബൈ പൊലീസ് കമ്മിഷണർ ആയി ചുമതലയേറ്റ സഞ്ജയ് പാണ്ഡെ നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. വിവിധ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണം നടത്തിയാണ് പാണ്ഡെ തുടർനടപടികൾ സ്വീകരിക്കുന്നത്. 

തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെയും ട്രാഫിക് പൊലീസ്  അടുത്തിടെ നടപടി കർശനമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ ഹെൽമറ്റ് ധരിക്കാത്ത 1.86 ലക്ഷം പേർക്ക് ട്രാഫിക് പൊലീസിന്റെ പിഴ അടയ്ക്കാൻ ആവശ്യപ്പെടുന്ന ചലാൻ ലഭിച്ചിട്ടുണ്ട്. ഇരുചക്ര വാഹനമോടിക്കുന്നവരോട് ഹെൽമറ്റ് ധരിക്കാൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ആവശ്യപ്പെടുന്ന വിഡിയോ, ട്രാഫിക് പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 

∙ സൈക്കിൾ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുമെന്ന് സർക്കുലറിൽ ഉണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ പരാമർശിച്ചിട്ടില്ല. കോവിഡ് കാലത്തിന് ശേഷം ഒട്ടേറെപ്പേർ സൈക്കിൾ സവാരിയിലേക്കു തിരിഞ്ഞിട്ടുണ്ട്.  ഇന്ധന വില കുതിച്ചതും ഇതിനു കാരണമാണ്. നഗരത്തിൽ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങൾക്കിടെ സുരക്ഷയ്ക്കും  ഊന്നൽ നൽകണമെന്ന പൊതുവികാരമുണ്ട്.  

വാഹനങ്ങൾ കൂടി, അപകടങ്ങളും

മുംബൈ ∙ കഴിഞ്ഞ 4 മാസത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 8,768  വാഹനാപകടങ്ങൾ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 19,383 വാഹനാപകടങ്ങളാണ്. അപകടത്തിനിരയായവരിൽ ഏറെയും ഇരുചക്ര വാഹനക്കാരാണ്. 

നിലവിൽ നഗരത്തിലെ വാഹനങ്ങളുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. ഇതിൽ പകുതിയോളം  ഇരുചക്രവാഹനങ്ങളാണ്. കോവിഡ് കാലത്ത് ലോക്കൽ ട്രെയിനുകളും ബെസ്റ്റ് ബസുകളും പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. ഇവരിൽ  പലരും ഇപ്പോഴും ഇതു തുടരുന്നുമുണ്ട്. 

റോഡുകൾ മോശം 

നഗരത്തിൽ  പുരോഗമിക്കുന്ന മെട്രോ, റോഡ് നിർമാണം, ഓവുചാൽ  നവീകരണം തുടങ്ങിയവ മൂലം റോഡുകൾ കുഴികളും ബാരിക്കേഡുകളുമായി ദുർഘട  അവസ്ഥയിലാണ്. ഇതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. മഴക്കാലത്ത് യാത്ര കൂടുതൽ അപകടകരമാക്കുമെന്നാണ് നഗരവാസികളുടെ ആശങ്ക.

റോഡും നന്നാക്കണം 

‘പിൻസീറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുളള നീക്കം സ്വാഗതാർഹമാണ്. അതേസമയം മോശം റോഡുകൾ, പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകൾ പോലുളള പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കരുത്.’ ഷിജു തോമസ്, പവയ് നിവാസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com