ADVERTISEMENT

മുംബൈ ∙ മുംബൈയിൽ നിന്നു കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുമോചനം ലഭിച്ചതോടെ  കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണെന്നു  ട്രാവൽ ഏജൻസികൾ പറയുന്നു. മലയാളികൾക്കു പുറമേ, ഗുജറാത്തികൾ, മറാഠികൾ, മാർവാഡികൾ തുടങ്ങിയവർ സഞ്ചാരികളിൽപ്പെടുന്നു.  

ലോൿ‍ഡൗണിൽ മുങ്ങിയ രണ്ടു വർഷങ്ങളിൽ ഉല്ലാസയാത്രയ്ക്കു പോകാനാവാതെ വീർപ്പുമുട്ടുകയായിരുന്നു കുടുംബങ്ങൾ. പ്രത്യേകിച്ചും കുട്ടികൾ. അവർക്ക് വീണു കിട്ടിയ അവസരം പൂർണമായും പ്രയോജനപ്പെടുത്തുകയാണിപ്പോൾ.  കോവിഡ് കാലത്തിനു മുൻപത്തേതിനേക്കാൾ മുംബൈയിൽ നിന്നു കേരളം തേടിയിറങ്ങുന്നവരുടെ  എണ്ണം വർധിച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ  4 മാസം 38 ലക്ഷം സഞ്ചാരികൾ  എത്തിയതായി കേരള സർക്കാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

∙ ചെലവ് കൂടിയാലും കുഴപ്പമില്ല

ഹോട്ടൽവാസം, ഭക്ഷണം, വാഹനവാടക എന്നിവ മുൻ വർഷങ്ങളെ ആപേക്ഷിച്ച്  40 ശതമാണ് വർധിച്ചത്.   എന്നാൽ, സന്ദർശർക്ക് ഇതു പ്രശ്നമല്ല. അവർക്ക് യാത്ര ഉല്ലാസകരമാകണമെന്നു മാത്രം.  സ്വകാര്യകാറിന് 100 കിലോമീറ്റർ ഓട്ടത്തിന് നേരത്തെ 2000 രൂപയായിരുന്നത് ഇപ്പോൾ 2800 ആയി ഉയർന്നുവെന്ന് ഈയിടെ നാട്ടിൽ പോയി മടങ്ങിയ മലയാളി സുധീഷ് നായർ.

സഞ്ചാരികൾ വർധിച്ചെങ്കിലും അതനുസരിച്ച് കേരളത്തിലേയ്ക്കുള്ള യാത്രാ സൗകര്യം വർധിച്ചിട്ടില്ല.  വേനലവധിക്കു  നാട്ടിൽ പോകുന്നവർക്കു പുറമേ, സഞ്ചാരികളും വർധിച്ചതോടെ  ട്രെയിനിൽ ടിക്കറ്റ് കിട്ടാതായി. ഈ വർഷം കേരളത്തിലേക്കു വേനൽക്കാല പ്രത്യേക ട്രെയിൻ റെയിൽവേ അനുവദിക്കാത്തതും തിരിച്ചടിയായി. ഇപ്പോൾ തത്ക്കാൽ മാത്രമാണ് ശരണം.

വിമാന ടിക്കറ്റിന് ഒരു ഭാഗത്തേയ്ക്ക് 12,000–13,000 രൂപ വരെ എത്തിയെന്നും വർളിയിലെ ഗാലക്സി ഇന്റർനാഷണൽ ഉടമ ബിജുകുമാർ. എങ്കിൽപ്പോലും സ‍ഞ്ചാരികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.  ഇപ്പോൾ തന്നെ 20–30% സഞ്ചാരികൾ വർധിച്ചിട്ടുണ്ട്. കുരങ്ങുപനി കുഴപ്പമുണ്ടാക്കാതെ കടന്നു പോയാൽ അടുത്ത വർഷം സഞ്ചാരികളുടെ എണ്ണം ഇതിലും കൂടുമെന്നും  ബിജു പറയുന്നു. 

∙ ട്രാവൽ പാക്കേജ് 

4–5 അംഗങ്ങളുള്ള കുടുംബത്തിന് കേരള ടൂറിന്  തേഡ് എസി ട്രെയിൻ മതിയെങ്കിൽ 5 ദിവസത്തെ ടൂറിന് ഏകദേശം 65,000 രൂപ മതിയാകുമെന്നു  ട്രാവൽ ഏജൻസികൾ. എന്നാൽ‌,. വിമാനത്തിലാണെങ്കിൽ തുക ലക്ഷത്തിനു മുകളിലാകും. ഏജൻസികൾ മാറുന്നതനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകാം.പല വിദേശരാജ്യങ്ങളിലും ടൂറിസ്റ്റ് വീസയ്ക്ക് നിയന്ത്രണമുണ്ട്. ചില രാജ്യങ്ങളിൽ 2024 വരെ ടൂറിസ്്റ്റ് വീസ കിട്ടാനില്ല. ഇതും കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ  എണ്ണം വർധിപ്പിക്കുന്നു.

∙ ഓഫ് സീസൺ ലാഭം

കഴിഞ്ഞ ഒക്ടോബറിൽ രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ ആലപ്പുഴയിൽ വഞ്ചിവീട്  വാടകയ്ക്ക് എടുത്തപ്പോൾ 3,500 രൂപയ്ക്കു ലഭിച്ചിരുന്നുവെന്നു വിരാർ നിവാസി സഞ്ജു ആൻറണി.  എന്നാൽ, ഇപ്പോൾ 8500 രൂപ. അതും ജൂൺ 15 വരെ ഫുൾ. സൗകര്യപ്പെടുമെങ്കിൽ ഉല്ലാസയാത്ര സീസൺ അല്ലാത്ത സമയത്ത് നടത്തുക. പണം ലാഭിക്കാം–സഞ്ജു പറയുന്നു.

മഞ്ഞിൽ അലിയാൻ

മൂന്നാറാണ് ടൂറിസ്റ്റ് മാപ്പിൽ മുൻപിലെന്നു ദീർഘകാലമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി.  മൂന്നാറിലെ മലകളും മഞ്ഞും തേയിലത്തോട്ടങ്ങളും  കഴിഞ്ഞാൽ   തേക്കടിയാണ് അടുത്ത ഘട്ടം. കോവളം, വയനാട്, അതിരപ്പിള്ളി വെള്ളച്ചാട്ടം, കുമരകം,   ആലപ്പുഴ എന്നിങ്ങനെ പലരും പല വഴിക്ക് നീങ്ങും. ആലപ്പുഴയിലെ വഞ്ചിവീട് വിദേശ ടൂറിസ്റ്റുകളെ പോലെ ആഭ്യന്തര ടൂറിസ്റ്റുകൾക്കും  ഏറെ കൗതുകമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com