ADVERTISEMENT

മുംബൈ ∙ സിഎസ്എംടിയിൽ പ്രീപെയ്ഡ് ടാക്സി തിരിച്ചെത്തുന്നു. ലോക്ഡൗണിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി സിഎസ്എംടിയിൽ പ്രീപെയ്ഡ് ടാക്സി കൗണ്ടറുകൾ അടഞ്ഞുകിടക്കുകയാണ്. ഇവ പുനരാരംഭിക്കാൻ യാത്രക്കാർ ഏറെ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് 3–4 മാസമായിട്ടും എന്തുകൊണ്ട് പ്രീപെയ്ഡ്  ടാക്സി ആരംഭിക്കുന്നില്ലെന്നായിരുന്നു യാത്രക്കാരുടെ ചോദ്യം.  

ഒരു മാസത്തിനുള്ളിൽ പ്രീപെയ്ഡ് ടാക്സി ആരംഭിക്കുമെന്ന് ടാക്സി യൂണിയനുകൾ അറിയിച്ചു. മധ്യറെയിൽവേയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നുണ്ടെന്നും ടാക്സി യൂണിയൻ നേതാവ് കെ.െക.തീവാരി അറിയിച്ചു. കാറുകൾക്കു പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കാനും റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രീപെയ്ഡ് ടാക്സിയുടെ അഭാവം മൂലം ഇവിടെ വന്നിറങ്ങുന്ന പതിനായിരക്കണക്കിന് ദീർഘദൂരയാത്രക്കാർ വലയുകയായിരുന്നു. സൗകര്യത്തിന് സ്റ്റേഷനടുത്ത് ടാക്സി കിട്ടാത്തതിനു പുറമേ, അമിത ചാർജ് ഈടാക്കുന്നതും പ്രശ്നമായിരുന്നു. നേരത്തേ പ്രീപെയ്ഡ് ടാക്സിക്ക് സിഎസ്എംടിയിൽ ഉണ്ടായിരുന്ന രണ്ടു കൗണ്ടറുകൾ തന്നെ പുനരാരംഭിക്കാനാണ് സാധ്യത. ഇതിലൊന്ന് 10–14 പ്ലാറ്റ്ഫോമുകളുടെ പുറത്ത് യാത്രക്കാർ കാത്തുനിൽക്കുന്ന ഹാളിലായിരുന്നു. മറ്റൊന്ന് 18–ാം പ്ലാറ്റ്ഫോമിനു പുറത്ത്, പി‌ഡി മെല്ലോ റോഡിലുമായിരുന്നു. 

പണം കൂടിയാലും സുരക്ഷയുണ്ട്

പ്രീപെയ്ഡ് ടാക്സി പൊതുവേ എല്ലായിടത്തും സാധാരണ നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കാറുണ്ട്. എന്നാൽ,  മനസ്സമാധാനത്തോടെ യാത്രചെയ്യാമെന്ന ഗുണമുണ്ടെന്ന് അടുത്തിടെ കേരളയാത്ര കഴി‍ഞ്ഞെത്തിയ ചാന്തിവ്‌ലി നിവാസി വിദ്യാധര പറഞ്ഞു.   ചുറ്റിക്കറക്കി കൂടുതൽ തുക ഈടാക്കുക, മീറ്ററിൽ കൃത്രിമം നടത്തി ചൂഷണം ചെയ്യുക എന്നിങ്ങനെ പലതാണ് പ്രശ്നങ്ങൾ. മാത്രമല്ല, രാത്രിയിൽ സ്ത്രീ യാത്രക്കാർക്ക് സാധാരണ ടാക്സികളിൽ യാത്രചെയ്യാൻ പേടിയാണ്. പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്യുന്നതോടെ ഈ ആശങ്ക ഒരുപരിധിവരെ ഒഴിയും. ടാക്സി ചാർജ് എത്രയെന്നു മുൻകൂട്ടി അറിയാമെന്നതിനു പുറമേ, ഡ്രൈവറുടെയും ടാക്സിയുടെയും വിവരങ്ങൾ കൗണ്ടറിൽ രേഖപ്പെടുത്തുന്നതും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

തിരക്കിൽ ഒന്നാമത് 

18 പ്ലാറ്റ്ഫോമുകളുള്ള നഗരത്തിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനാണ് സിഎസ്എംടി. ഇവിടെ നിന്ന് 45 ദീർഘദൂര ട്രെയിനുകളാണ് ദിവസം പുറപ്പെടുന്നത്. ഇത്രയും ട്രെയിനുകൾ എത്തുന്നുമുണ്ട്. ഇതിനു പുറമേ, 800ൽ പരം ലോക്കൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com