ADVERTISEMENT

മുംബൈ ∙ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകാനുള്ള പൊതുജനത്തിന്റെ വിമുഖത വെല്ലുവിളിയാണെന്ന് ബിഎംസി. രോഗവ്യാപനത്തിന് ഇടയാക്കുന്നതിന് പുറമേ ഇതര രോഗങ്ങൾ ഉള്ളവരെ കൂടെ അപകടത്തിലാക്കുകയാണ് ഇക്കൂട്ടരെന്നു ബിഎംസിയുടെ ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന 8,000ൽ നിന്ന് 30,000 ആയി വർധിപ്പിക്കാൻ ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ നേരത്തേ വാർഡ് ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും, നഗരത്തിൽ പ്രതിദിനം 18,000 പരിശോധനകളിൽ താഴെയാണ് നടക്കുന്നത്.  രോഗലക്ഷണങ്ങളുള്ള പലരും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകാൻ തയാറാകാത്തതും ഹോം ടെസ്റ്റിങ് കിറ്റുകളെ മാത്രം ആശ്രയിക്കുന്നതുമാണ് വലിയ വെല്ലുവിളിയെന്ന് ബിഎംസിയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

 കോവിഡ് ബാധിതരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 2 ശതമാനത്തിൽ താഴെയാണ്. മരണനിരക്കും കുറവാണ്. ഇക്കാരണങ്ങളാൽ പലരും പരിശോധനയ്ക്കായി മുന്നോട്ട് വരുന്നില്ല. ചുമയോ പനിയോ ഇതര ലക്ഷണങ്ങളോ അനുഭവപ്പെടുമ്പോൾ കോവിഡ് സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും ചികിത്സാ രീതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല എന്നതും പലരെയും കോവിഡ് പരിശോധന ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നു.

 രോഗലക്ഷണങ്ങളില്ലാത്ത ആളുകളെ പരിശോധിക്കുന്നത് നിർത്തണമെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ  (ഐസിഎംആർ) പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, ചുമ, പനി, തൊണ്ടവേദന, രുചി- ഗന്ധം നഷ്ടപ്പെടുക, ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ എന്നിവ ഉള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്ന മുതിർന്ന പൗരന്മാർ, പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗം,  കാൻസർ, അമിത വണ്ണം എന്നിവ ഉള്ളവരും പരിശോധനയ്ക്കു വിധേയമാകണമെന്നു മാർഗനിർദേശങ്ങളിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com