മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ഏഴുവട്ടം ഫോണിൽ ഭീഷണിപ്പെടുത്തിയ ജ്വല്ലറി ഉടമ ബിഷ്ണു വിധു ഭൗമിക്കിനെ അറസ്റ്റ് ചെയ്തു. പലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്ന പതിവുള്ള ഭൗമിക്കിന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ദഹിസർ നിവാസിയായ ഇയാൾ ദക്ഷിണ മുംബൈയിൽ ജ്വല്ലറി നടത്തുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ റിലയൻസ് ആശുപത്രിയിലേക്കാണു തുടരെ ഭീഷണി കോൾ വിളിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.