ADVERTISEMENT

മുംബൈ ∙ രാജ്യത്തെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് മുംബൈയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. മുംബൈ കോർപറേഷനു കീഴിലെ ബസ് സർവീസ് വിഭാഗമായ ‘ബെസ്റ്റ്’ ആണ് ബസ് ഇറക്കിയത്. അടുത്ത മാസം ആദ്യം പൊതുജനങ്ങൾക്കായി സർവീസിനു സജീവമാക്കും. കടൽക്കാറ്റേറ്റും നഗരക്കാഴ്ച കണ്ടും യാത്ര ചെയ്യാവുന്നവയാണ് നിലവിലെ സാധാരണ ഡബിൾ െഡക്കർ ബസുകൾ. ആ സുഖം അന്യമാകുമെങ്കിലും എസിയുടെ കുളിർമയിൽ കൂടുതൽ സൗകര്യങ്ങളോടെ യാത്ര ചെയ്യാമെന്നതാണ് പുതിയ ബസുകളുടെ സവിശേഷത. 

65 സീറ്റുകൾ

65 സീറ്റുണ്ടാകും. റജിസ്ട്രേഷനും മറ്റു പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ സർവീസിന് ഇറക്കാനാണ് പദ്ധതി. രണ്ടു സ്റ്റെയർകേസുകൾ, ശബ്ദവും ചാട്ടവും കുലുക്കവും കുറവ്, സിസിടിവി ക്യാമറ എന്നിവ സവിശേഷതകളാണ്. ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള അശോക് ലെയ്‌ലൻഡ് കമ്പനിയാണ് ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയത്. 

കറുപ്പു കൂടി 

നിലവിലെ ഇരുനില ബസുകളെല്ലാം ചുവപ്പു നിറത്തിലുള്ളതാണ്. പുതിയ ബസിൽ അതോടൊപ്പം ഗ്ലാസിന്റെ കറുപ്പുനിറം കൂടിയത് ചന്തം കുറച്ചതായി ചില പതിവു ‘ബെസ്റ്റ്’ യാത്രക്കാർ പറഞ്ഞു. പച്ചനിറത്തിലുള്ള സീറ്റുകളാണുള്ളത്. സീറ്റ്ബെൽറ്റുമുണ്ട്. ലാപ്ടോപ്, മൊബൈൽ ചാർജിങ് പോയിന്റുകളും സ്റ്റോപ്പുകൾ അറിയിക്കുന്ന സംവിധാനവും പുതിയ ബസിലുണ്ട്. 

ബെസ്റ്റാണ് ‘ബെസ്റ്റ്’

മുംബൈയിൽ ലോക്കൽ ട്രെയിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള പൊതുഗതാഗത സംവിധാനമാണ് ‘ബെസ്റ്റ്’ ബസുകൾ. 75 ലക്ഷത്തിലേറെപ്പേർ ലോക്കൽ ട്രെയിൻ ഉപയോഗിക്കുമ്പോൾ 35 ലക്ഷം പേരാണ് പ്രതിദിനം ബെസ്റ്റ് ബസുകളിൽ യാത്ര ചെയ്യുന്നത്. 3700 സർവീസുകളാണ് ബെസ്റ്റിനുള്ളത്.

രണ്ട് ബസുകളാണ് ഇപ്പോൾ പുറത്തിറക്കിയത്. കൂടുതൽ ബസുകൾ ഘട്ടംഘട്ടമായി എത്തും. 6 രൂപയാണ് മിനിമം നിരക്ക് ( 5 കിലോമീറ്ററിന്). ആദ്യഘട്ടത്തിൽ സിഎസ്എംടിയിൽ നിന്നു നരിമാൻ പോയിന്റ്, കൊളാബയിൽ നിന്നു വർളി, കുർളയിൽ നിന്നു സാന്താക്രൂസ് പാതകളിൽ ഇവ അവതരിപ്പിക്കാനാണ് നീക്കം.

കുട്ടിക്കാലത്ത് സാഹചര്യം ഒത്തുവരുന്ന വേളയിൽ ഞാൻ ഡബിൾ ഡെക്കർ ബസിൽ കയറുമായിരുന്നു. അകത്തു കയറിയാൽ അമ്മൂമ്മയുടെ പിടിവിട്ട് മുകൾ നിലയിലേക്ക് ഒാടും. മുനിര സീറ്റിൽ ഇടംപിടിക്കും. മരച്ചില്ലകളെ ബസ് വകഞ്ഞുമാറ്റിയാകും യാത്ര. കാറ്റേറ്റുള്ള യാത്ര വലിയ അനുഭൂതിയാണ്. എസി ഡബിൾ ഡെക്കറിൽ ആ രസം കിട്ടുമോ?

 വിവേക് പൈ, ആർക്കിടെക്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com