ADVERTISEMENT

മുംബൈ∙ മീരാ ഭയന്ദർ മുനിസിപ്പൽ കോർപറേഷനിലെ ജാൻഗിഡ് സർക്കിളിന് ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റായ മലയാളി ടി.പി.പി. നായരുടെ (87) പേരിടുന്നു. മറുനാടൻ മലയാളികൾ ഏറെയുള്ള മീരാ റോഡിലെ പ്രധാന ജംക്‌ഷനാണ് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ കായികതാരത്തിന്റെ പേരിടുന്നത്. ധ്യാൻചന്ദ് പുരസ്കാര ജേതാവു കൂടിയാണ് ടി.പി.പി. നായർ. ഒക്ടോബർ രണ്ടിന് വൈകിട്ട് 5നാണ് ജാൻഗിഡ് സർക്കിളിന് ടി.പി.പി. നായർ മാർഗ് എന്ന് നാമകരണം ചെയ്യുന്നത്.

കണ്ണൂർ കണ്ണപുരം ചെറുകുന്ന് തെക്കുമ്പാടൻ പുത്തൻ കുടുംബാംഗമാണ് ഇദ്ദേഹം. സ്കൂൾ പഠനകാലത്ത് ഹൈജംപ്, ഫുട്ബോൾ എന്നിവയിൽ സജീവമായിരുന്നു. 1951ൽ വ്യോമസേനയിൽ ചേർന്നു ചെന്നൈയിൽ എത്തി. കളി കാണാൻ നിൽക്കെ, താംബരത്തെ വ്യോമസേനയുടെ വോളിബോൾ കോർട്ടിൽ നിന്നു പുറത്തുപോയ പന്ത് എറിയുന്നതിന് പകരം പരിശീലനം നേടിയ താരത്തെപ്പോലെ കോർട്ടിലേക്ക് അടിച്ചു. അതു വഴിത്തിരിവായി. വോളിബോൾ ടീം ക്യാപ്റ്റൻ ജോസഫ് വാഴക്കുളം ടിപിപിയെ കളിക്കളത്തിലേക്ക് ക്ഷണിച്ചതോടെയാണ് ‘കളി മാറുന്നത്’.

ആറുമാസത്തിനു ശേഷം തൃശൂരിൽ നടന്ന അഖിലേന്ത്യാ വോളിടൂർണമെന്റിൽ കേരള പൊലീസിനെ തോൽപിച്ച് വ്യോമസേനയുടെ മദ്രാസ് ടീം ജേതാക്കളായി. തുടർന്ന് നടന്ന മിക്ക മത്സരങ്ങളിലും വ്യോമസേനാ ടീം വെന്നിക്കൊടി പാറിച്ചു. 1955 ൽ ഇന്ത്യൻ പര്യടനത്തിന് എത്തിയ റഷ്യൻ ടീമുമായി ഏറ്റുമുട്ടി. വ്യോമസേന വീണ്ടും ജേതാക്കളായി. റഷ്യൻ വോളിബോൾ പരിശീലകനിൽ നിന്നും ഷോർട്ട് ലിഫ്റ്റ് ആൻഡ്  സ്മാഷ് തന്ത്രം പഠിച്ചു കളത്തിലിറക്കി. ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യയ്ക്കായി തിളങ്ങി. 

വെങ്കലവും വെള്ളിയും നേടിയ ഇന്ത്യൻ വോളിബോൾ ടീമിന്റെ നട്ടെല്ലായിരുന്നു ഇദ്ദേഹം. വ്യോമസേനയിൽ നിന്നു വിരമിച്ച ശേഷം പരിശീലകനായി. പശ്ചിമ റെയിൽവേയിൽ എത്തിയ ശേഷം മലയാളികളടക്കം ഒട്ടേറെ പുരുഷ, വനിതാ കായികതാരങ്ങളെ വാർത്തെടുത്തു. മീരാറോഡ് ജാൻഗിഡ് കോംപ്ലക്സ് അളകനന്ദയിലാണ് താമസം. പരേതയായ ഓമനയാണ് ഭാര്യ. മക്കൾ പ്രദീപ്, പ്രമീള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com