ADVERTISEMENT

മുംബൈ∙  കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നവരാത്രിപ്പൊലിമ അണിയുകയാണ് മഹാനഗരം. ദാണ്ഡിയ, ഗർബ നൃത്തച്ചുവടുകളോത്തു ചലിക്കും ഇനി നഗരരാവുകൾ. 9 ദിവസം നീളുന്ന ആഘോഷത്തിന് നാളെയാണ് തുടക്കമെങ്കിലും ആകർഷകമായ  ഓഫറുകളുമായി നവരാത്രി വിപണി ഇപ്പോഴേ സജീവമാണ്. ഗുജറാത്തികൾ കൂടുതലുള്ള ബോറിവ്‌ലി,  ഘാട്‌കോപ്പർ, മുളുണ്ട്, താനെ തുടങ്ങിയ പ്രദേശങ്ങളിൽ നവരാത്രി മണ്ഡലുകൾ വലിയ ആഘോഷ പരിപാടികൾക്കുള്ള തയാറെടുപ്പിലാണ്. ഹൗസിങ് സൊസൈറ്റികളിലും ഒരുക്കങ്ങൾ തകൃതി. 

ബുക്ക് ചെയ്യാം ബുക്ക് മൈ ഷോയിൽ

നവരാത്രി നൃത്തച്ചുവടുകൾക്കുള്ള പരിശീലനം നേരത്തെ തന്നെ ആരംഭിച്ചവരുണ്ട്.  വസ്ത്രങ്ങൾക്കായും ആയിരങ്ങൾ ചെലവഴിച്ച് ഈ . ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് പലരും  പ്രമുഖ  നവരാത്രി മണ്ഡലുകൾ ഒരുക്കുന്ന നവരാത്രി ആഘോഷങ്ങളിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 300 രൂപ മുതലാണ് പാസുകൾ. ബുക്ക് മൈ ഷോ പോലുള്ള ആപ്പുകൾ വഴിയും പാസ് ബുക്ക് ചെയ്യാം.

ബോറിവ്‌ലിയിലെ  നവരാത്രി മണ്ഡലുകൾ ഒരുക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തും. 7 വലിയ  മണ്ഡലുകൾ ആണ്  ഇവിടെ ആവേശം വിതറുക. ഫാൽഗുനി പഥക്, പ്രീതി-പിങ്കി, നിലേഷ് തക്കർ, കിഞ്ചൽ തുടങ്ങിയ ഗായകരാണ് ഇത്തവണ രാവ് പകലാക്കാൻ എത്തുക. രാത്രി 10 വരെയാണ് ആഘോഷങ്ങൾ അനുവദിച്ചിട്ടുള്ളതെങ്കിലും സമയം അർധരാത്രി വരെ നീട്ടിക്കിട്ടാൻ സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് സംഘാടകർ.

മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെയിൽ ഇത്തവണ നവരാത്രി ആഘോഷങ്ങൾക്കു പൊലിമ കൂടും. മുളുണ്ട് ചെക്ക്നാക്കയ്ക്കു സമീപം മോഡെല്ല മിൽ പരിസരത്ത് ‘രാസ് രംഗ്’  15,000 പേർക്ക് വരെ നൃത്തം ചെയ്യാനായി 1,50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തടി പ്ലാറ്റ്ഫോം നിർമ്മിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും  സിസിടിവികളും വാച്ച് ടവറും  ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

ഓഫറുകൾ ഓൺലൈനിൽ 

സ്വന്തം ആവശ്യങ്ങൾക്കും പ്രിയപ്പെട്ടവർക്ക്  സമ്മാനിക്കാനുമൊക്കെയുളള ഷോപ്പിങ് കാലമാണിത്.   ആമസോൺ, ഫ്ലിപ്കാർട്ട്  തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ  ആകർഷകമായ നവരാത്രി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 23 നു ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 50% മുതൽ 95% വരെയാണ് ഇളവുകൾ. ഓഫർ മുതലാക്കിയാണ്  പലരും പുതിയ സാധനങ്ങൾ വാങ്ങുന്നത്. 

ഒരേ നിറം

നവരാത്രിയുടെ ഓരോ ദിനവും ഓരോ നിറങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അതനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരേറെ. ഈ നിറങ്ങളിൽ ഉള്ള വസ്ത്രം അണിഞ്ഞാവും പലരും ഓഫിസുകളിൽ എത്തുക . ലോക്കൽ ട്രെയിനിലും ഓഫിസുകളിലുമൊക്കെ  ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചവരെ ഒരുമിച്ച് കാണുക നയനാനന്ദകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com