വെസ്റ്റേൺ ലൈനിലും എസിയുടെ തണുപ്പ്

Mail This Article
മുംബൈ ∙ വെസ്റ്റേൺ ലൈനിൽ 22 എസി സർവീസുകളടക്കം 30 ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ പശ്ചിമ റെയിൽവേ. അടുത്ത മാസം മുതൽ പുതിയ സർവീസുകൾ തുടങ്ങാനാണു ശ്രമം. നിലവിൽ 48 എസി സർവീസുകളാണ് വെസ്റ്റേൺ ലൈനിലുള്ളത്. പുതിയ 22 സർവീസുകൾ കൂടി തുടങ്ങിയാൽ ഇത് 70 ആയി ഉയരും. ഇതോടൊപ്പം 8 സാധാരണ ലോക്കൽ ട്രെയിൻ സർവീസുകളും ആരംഭിക്കും. 30 പുതിയ സർവീസുകൾ ആരംഭിക്കുന്നത് പ്രതിദിനം പതിനായിരക്കണക്കിനു യാത്രക്കാർക്ക് സഹായകമാകും.
എസി ട്രെയിനുകളിൽ ചിലത് നിലവിലെ സാധാരണ ലോക്കൽ ട്രെയിനുകളെ മാറ്റി അതേസമയത്തായിരിക്കും. ഏതാനും ട്രെയിനുകൾ പുതിയ സമയക്രമത്തിലായിരിക്കും അവതരിപ്പിക്കുക. ഇതുസംബന്ധിച്ച് അന്തിമരൂപം ആകുന്നതേയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. മധ്യറെയിൽവേയിലെ മെയിൻ ലൈനിൽ സാധാരണ ലോക്കൽ ട്രെയിനുകളെ മാറ്റി എസി ട്രെയിനുകൾ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോൾ പശ്ചിമ റെയിൽവേയിലെ വെസ്റ്റേൺ ൈലനിൽ എസി ട്രെയിനുകൾക്ക് സ്വീകാര്യ കൂടിവരുന്നതാണ് ആ പാതയിൽ പുതിയ സർവീസുകൾ ആരംഭിക്കാനുള്ള കാരണം.
ഓഗസ്റ്റിൽ 56,333 ആയിരുന്നു വെസ്റ്റേൺ ലൈനിലെ എസി ട്രെയിനുകളിലെ പ്രതിദിന യാത്രക്കാർ. ഇൗ മാസം 22 വരെയുള്ള കണക്ക് അനുസരിച്ച് പ്രതിദിന ശരാശരി യാത്രക്കാർ 71,000 ആയി ഉയർന്നു. മേയിൽ എസി ട്രെയിൻ സിംഗിൾ ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതിനു പിന്നാലെയാണ് യാത്രക്കാർ വർധിച്ചത്. നിലവിൽ 35 രൂപയാണ് മിനിമം നിരക്ക് (5 കിലോമീറ്റർ ദൂരം). നേരത്തെ ഇത് 65 രൂപയായിരുന്നു.
മെയിൻ ലൈനിൽ സ്വീകാര്യത പോര
മുംബൈ ∙ വെസ്റ്റേൺ ലൈനിൽ എസി ട്രെയിനുകൾക്ക് സ്വീകാര്യ ഏറുമ്പോൾ മധ്യ റെയിൽവേ മെയിൻ ലൈനിൽ സാധാരണ ട്രെയിൻ മാറ്റി പകരം എസി ട്രെയിൻ അവതരിപ്പിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. കൽവ, അംബർനാഥ് അടക്കമുള്ള സ്റ്റേഷനുകളിൽ യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ മാസം 19ന് അവതരിപ്പിച്ച 10 എസി സർവീസുകൾ മധ്യറെയിൽവേ പിൻവലിച്ചിരുന്നു. ഇതേതുടർന്ന്, കൂടുതൽ എസി ട്രെയിനുകൾ ഉടൻ ആരംഭിക്കേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ.
പ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കിലും ആറു മാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടെന്ന് മധ്യറെയിൽവേ അറിയിച്ചു. ഫെബ്രുവരിയിൽ പ്രതിദിനം 5939 പേരായിരുന്നു മധ്യ റെയിൽവേയിലെ എസി ലോക്കൽ ട്രെയിനുകളിലെ യാത്രക്കാരെങ്കിൽ ഓഗസ്റ്റിൽ ഇത് 41,333 ആയി ഉയർന്നു. ഡോംബിവ്‌ലി, താനെ, കല്യാൺ സ്റ്റേഷനുകളിൽ നിന്ന് എസി ട്രെയിനുകളിൽ യാത്രക്കാർ വർധിച്ചുവരുന്നതായാണ് കണക്ക്.