പഴയപടിയായപ്പോൾ പരീക്ഷപ്പേടി കൂടി

school-exam
SHARE

മുംബൈ ∙ കോവിഡ് ഭീതി നീങ്ങി ഓഫ്‌ലൈൻ ക്ലാസുകൾ പൂർവസ്ഥിതിയിൽ ആയതോടെ, ഒട്ടേറെ വിദ്യാർഥികൾക്ക് പരീക്ഷപ്പേടി കൂടിയത് അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. 

  സംസ്ഥാന ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ അടുത്ത മാസം ആദ്യ സെമസ്റ്റർ പരീക്ഷ നടക്കാനിരിക്കേ പല വിദ്യാർഥികൾക്കും പരീക്ഷകളെ ഭയമാണെന്ന് സ്കൂളുകളിലെ കൗൺസലർമാർ പറയുന്നുണ്ട്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ എന്ത് ചെയ്യും എന്നതാണ് പ്രധാന ചിന്ത. അതിനാൽ, ഇവർക്ക് ആത്മവിശ്വാസം പകരുകയും ശരിയായി പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

എഴുതാൻ മടി

രണ്ടു വർഷത്തെ ക്ലാസുകൾ ഓൺലൈൻ ആയി നടന്നതിനാൽ ഇപ്പോൾ പല കുട്ടികൾക്കും എഴുതാൻ മടിയാണ്. ഓൺലൈൻ ക്ലാസുകളും ഗൂഗിൾ ഫോമിലെ പരീക്ഷയും ശീലിച്ച കുട്ടികൾക്കു ക്ലാസ് നോട്സ് വേഗത്തിൽ എഴുതാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന മക്കളുടെ നോട്സ് പോലും പൂർത്തിയാക്കേണ്ട തലവേദന ഇപ്പോൾ രക്ഷിതാക്കൾക്കാണ്. രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി നോട്സ് പങ്കിട്ടാണ് പലരും ഇത് കൈകാര്യം ചെയ്യുന്നത്!

പക്വത കൂടിയില്ല

രണ്ടു വർഷം മറ്റ് കുട്ടികളുമായി ഇടപഴകാതെയും സ്കൂൾ അന്തരീക്ഷത്തിൽ നിന്നു അകന്നും കഴിഞ്ഞതിനാൽ പലർക്കും മാനസികവികാസവും കുറവാണെന്നും അധ്യാപകർ പറയുന്നു. ചെറിയ ക്ലാസ്സിലെ പെരുമാറ്റമാണ് ഉയർന്ന ക്ലാസുകളിൽ എത്തിയിട്ടും പല വിദ്യാർഥികളും കാട്ടുന്നത്.

 ഉദാഹരണത്തിന്, കോവിഡ് തുടങ്ങുന്ന കാലത്ത് രണ്ടാം ക്ലാസിൽ ആയിരുന്ന വിദ്യാർഥി ഇപ്പോൾ അഞ്ചാം ക്ലാസിൽ ആണ് എത്തിയത്. കോവിഡ് ഒന്നാം തരംഗം കാരണം രണ്ടാം ക്ലാസിൽ വാർഷിക പരീക്ഷ നടന്നില്ല. അടുത്ത രണ്ടു വർഷവും ക്ലാസുകൾ ഓൺലൈൻ ആയി നടന്നു. ക്ലാസ് കയറ്റവും ലഭിച്ചു. ഇപ്പോൾ അഞ്ചാം ക്ലാസിൽ ഇരിക്കുന്ന കുട്ടി രണ്ടാം ക്ലാസിലെ അധ്യാപകർ തന്നോട് എങ്ങനെ പെരുമാറിയിരുന്നോ അതാണ് അഞ്ചാം ക്ലാസിലെ അധ്യാപകരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ക്ലാസ് നോട്ടും ഡ്രോയിങ്ങുമൊക്കെ കാണിക്കാൻ കുട്ടികൾ വരിവരിയായി വന്നപ്പോൾ അന്ധാളിച്ചു പോയെന്ന് അഞ്ചാം ക്ലാസിലെ അധ്യാപിക പറയുന്നു. പരസഹായമില്ലാത്ത എഴുത്തു പരീക്ഷയ്ക്ക് ഇരിക്കുന്നതൊക്കെ ഇവർക്കു ഭയമാണ്.

ശരിയാക്കാൻ സമയം നൽകൂ

‘ക്ലാസുകളും പരീക്ഷയുമൊക്കെ ഓൺലൈൻ ആയപ്പോൾ അതുമായി പെട്ടെന്ന് പൊരുത്തപ്പെട്ടിരുന്നു നമ്മുടെ കുട്ടികൾ. എന്നാൽ വീണ്ടും ഇതെല്ലാം ഓഫ്‌ലൈനിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ അധികാരികൾ അവഗണിച്ചത് അവരെ പീഡിപ്പിക്കുന്നതിനു തുല്യമാണ്. ക്ലാസ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോഴും ഓൺലൈൻ കാലത്തെ പഠന, പരീക്ഷാ രീതികൾ ഭാഗികമായെങ്കിലും നിലനിർത്തേണ്ടിയിരുന്നു.’-ജോവിറ്റ ട്രിസ്റ്റ, വീട്ടമ്മ, വസായ് വെസ്റ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}