മുംബൈ- അഹമ്മദാബാദ് ഹൈവേയിൽ അപകടങ്ങൾ പതിവ് ഇനിയുമൊരു ജീവൻ കൂടി പൊലിയാതിരിക്കാൻ...

accident
SHARE

മുംബൈ ∙ മുംബൈ- അഹമ്മദാബാദ് ഹൈവേയിലെ കുഴികൾ യാത്രക്കാർക്കു മരണക്കെണിയാകുന്നതിനാൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് പാൽഘർ പൊലീസ്. കുഴികൾ മൂന്നാഴ്ചയ്ക്കകം നികത്താൻ നാഷനൽ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ)യോടും പൊതുമരാമത്ത് വകുപ്പി(പിഡബ്ല്യുഡി)നോടും പൊലീസ് ആവശ്യപ്പെട്ടു. 

   ഹൈവേയിൽ അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ഹൈവേയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെട്ട കരാറുകാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ചുചേർത്തു നടത്തിയ   ചർച്ചയിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ പൊലീസ് മുന്നോട്ട് വച്ചിട്ടുണ്ട്. 

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഈ മാസമാദ്യം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നാണ് ഹൈവേയുടെ പരാധീനതകളിലേക്ക് ബന്ധപ്പെട്ടവരുടെ ശ്രദ്ധ തിരഞ്ഞത്. ഹൈവേയിൽ താനെയിലെ ഗോഡ്ബന്ദറിനും പാൽഘർ ജില്ലയിലെ ദാപ്ചരിക്കും ഇടയിലുള്ള ഈ 100 കിലോമീറ്ററിൽ ഈ വർഷം ഇതുവരെ 262 അപകടങ്ങളിലായി 62 പേർ മരണമടയുകയും 192 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പാൽഘറിൽ മാത്രം 

15  ഇടങ്ങളിൽ

അപകടസാധ്യത

ഹൈവേയിൽ പാൽഘർ ജില്ലാ പരിധിയിൽ മാത്രം 15 അപകടസാധ്യതയുള്ള ഇടങ്ങളുണ്ടെന്ന് യോഗത്തിൽ പൊലീസ്  ചൂണ്ടിക്കാട്ടി. സൈൻ ബോർഡുകളുടെയും വേഗനിയന്ത്രണ നടപടികളുടെയും അഭാവം അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. 

ആവശ്യത്തിന് സൈൻ ബോർഡുകൾ ഹൈവേയിൽ സ്ഥാപിക്കാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വേഗപരിധി ബോർഡുകൾ, റംബിൾ സ്ട്രിപ്പുകൾ (വേഗത്തട) ഡിലിനേറ്ററുകൾ, ബ്ലിങ്കറുകൾ എന്നിവ സ്ഥാപിക്കാനും പാൽഘർ റൂറൽ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീൽ നിർദേശിച്ചു. 

റോഡിലെ കുണ്ടുംകുഴിയും നികത്തുന്നതിനൊപ്പം  ഈ നടപടികളും മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  

ഹൈവേയിൽ

ആംബുലൻസുകൾ 

സജ്ജമാക്കും 

പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ ഹൈവേയിൽ ലഭ്യമല്ലെന്നതും ചർച്ചയിൽ വന്നു. ഹൈവേയിൽ പാൽഘർ പരിധിയിൽ നാലിടത്ത് ആംബുലൻസുകളുടെ ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. അപകടത്തിൽപെടുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രെയിനുകൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

 അഗ്നിരക്ഷാ സേനാംഗങ്ങൾക്കും ഹൈവേയിലേക്ക് വേഗത്തിൽ എത്താവുന്ന തരത്തിൽ ക്രമീകരണമുണ്ടാക്കും. അനാവശ്യമായി റോഡ് കുത്തിപ്പൊളിക്കുന്നത് പോലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്ന് ഹൈവേയുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെട്ട കരാറുകാരോടും ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA