ADVERTISEMENT

മുംബൈ∙ ബെസ്റ്റ് ബസുകളിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക്  ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഇനി ഓട്ടോയോ ടാക്സിയോ വേണ്ടി വരില്ല.  ബെസ്റ്റിന്റെ 180 ബസ് സ്റ്റോപ്പുകളിലായി ഇ-ബൈക്ക് സർവീസിന് ബെസ്റ്റ് അധികൃതർ തുടക്കമിട്ടു. അന്ധേരി, വിലെ പാർലെ, ജുഹു, സാന്താക്രൂസ്, ഖാർ, ബാന്ദ്ര, മാഹിം, ദാദർ എന്നിവിടങ്ങളിൽ ആണ് ഇ-ബൈക്ക് സർവീസ് ഉള്ളത്. വൈകാതെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ആയിരം ഇ-ബൈക്കുകൾ ലഭ്യമാണ്. അടുത്ത വർഷം ജൂണിനകം 5,000 ഇ-ബൈക്കുകൾ ഇറക്കാൻ ലക്ഷ്യമിടുന്നു. വോഗോ എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. 

കഴിഞ്ഞ ജൂൺ മുതൽ ബെസ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഇ-ബൈക്ക് സർവീസ് നടത്തുന്നുണ്ട്.  ഇതിനകം  ലഭിച്ച മികച്ച പ്രതികരണം പദ്ധതി വ്യാപിപ്പിക്കാൻ പ്രോത്സാഹനമായി. 40,000ത്തോളം  ആളുകൾ ഇപ്പോൾ തന്നെ   ഇ-ബൈക്ക് സർവീസിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.    ഇത്തരം അധിക സേവനങ്ങൾ മുംബൈയിൽ എവിടെയും യാത്ര ചെയ്യാൻ ബെസ്റ്റ് ബസുകൾ ഉപയോഗിക്കാൻ  കൂടുതൽ പേരെ പ്രേരിപ്പിക്കുകയും അതു വഴിയാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നാണ് ബെസ്റ്റ് അധികൃതരുടെ പ്രതീക്ഷ.  ഇ-ബൈക്ക് സർവീസ് വൈകാതെ ബെസ്റ്റിന്റെ ചലോ ആപ്പുമായി ബന്ധിപ്പിക്കും. 

നേട്ടങ്ങൾ

∙ നിരത്തിൽ നിന്ന്  വീട്ടിലേക്ക് സുരക്ഷിത യാത്രാ

∙ പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്റർ അപകട സാധ്യത കുറയും

∙ വായു, ശബ്ദ  മലിനീകരണങ്ങളില്ല

എങ്ങനെ ഉപയോഗിക്കാം

∙ വോഗോ (Vogo) ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കുക 

∙ ആപ്പ് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ഇ-ബൈക്ക് സ്റ്റേഷൻ കണ്ടെത്തുക 

∙ സ്റ്റേഷനിൽ എത്ര ബൈക്കുകൾ ലഭ്യമാണെന്നും അവയുടെ നിലവിലെ ബാറ്ററി ലെവലും ആപ്പിൽ കാണാം 

∙ ഇനി ആപ്പ് ഉപയോഗിച്ച്  ഒരു ബൈക്ക് അൺലോക്ക് ചെയ്ത് സവാരി ആരംഭിക്കാം

∙ 20 രൂപയാണ് അടിസ്ഥാന നിരക്ക്.  കിലോമീറ്ററിന് 3 രൂപയും മിനിറ്റിന് 1.50 രൂപയും വീതം നൽകേണ്ടി വരും.

∙ യാത്രയുടെ അവസാനം യാത്രക്കാരുടെ വോഗോ വാലറ്റിൽ നിന്ന് യാത്രാ നിരക്ക് ഈടാക്കും

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com