ADVERTISEMENT

മുംബൈ∙ പതിനെട്ടു വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് കോളജ് പ്രവേശനം ലഭിക്കുന്നതിന് വോട്ടർ പട്ടികയിൽ പേരു വേണമെന്ന നിബന്ധന വരുന്നു. രാജ്ഭവനിൽ നടന്ന സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കവേ  ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. 

കോളജുകളിൽ പ്രവേശനം നേടുന്നതിന്  വിദ്യാർഥികൾക്ക്    വോട്ടർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു.  സർവകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളിൽ  വോട്ടർ പട്ടികയിൽ പേരുള്ളവർ കുറവാണെന്ന കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ. 

നാലു വർഷ ബിരുദ  കോഴ്‌സുകൾ അടുത്ത വർഷം മുതൽ

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ച് അടുത്ത  ജൂൺ മുതൽ  നാലു  വർഷത്തെ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ  പറഞ്ഞു. സംസ്ഥാനത്ത്  ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ  എണ്ണം 50 ലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്നു. നിലവിൽ 32 ലക്ഷം വിദ്യാർഥികളേ ഉള്ളൂ. കൂടുതൽ പേരെ ഉന്നത വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കാൻ  സർവകലാശാലകൾ പ്രചാരണം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എൻഇപി നടപ്പാക്കുന്നത് സംബന്ധിച്ച വൈസ് ചാൻസലർമാരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഉടൻ തന്നെ വിരമിച്ച വൈസ് ചാൻസലർമാരുടെ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുന്നതും നൈപുണ്യ വികസനത്തിനുള്ള ഊന്നലും സംബന്ധിച്ചുള്ള  എൻഇപി ശുപാർശകൾ കണക്കിലെടുക്കേണ്ടതുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

സർവകലാശാലകൾ കൂടുതൽ സ്വാശ്രയത്വം കൈവരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ഭഗത് സിങ് കോഷിയാരി ആഹ്വാനം ചെയ്തു. പല സ്വകാര്യ സർവകലാശാലകളും സ്വാശ്രയ, വിദൂര വിദ്യാഭ്യാസ പരിപാടികളിലൂടെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വൈസ് ചാൻസലർമാരുടെയും പ്രോ-വൈസ് ചാൻസലർമാരുടെയും തിരഞ്ഞെടുപ്പ് പ്രക്രിയ യുജിസി മാർഗനിർദേശങ്ങളുമായി സമന്വയിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി നിയമത്തിൽ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് യോഗത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com