ADVERTISEMENT

മുംബൈ∙ ടാക്സിക്കു കൈ കാണിച്ചിട്ടും നിർത്താതെ പോയാൽ  ട്രാഫിക് പൊലീസിന് ഉടനടി പരാതി നൽകാൻ സംവിധാനം. യാത്രയ്ക്ക് വിസമ്മതിക്കുന്ന ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കുകയാണ് ട്രാഫിക് പൊലീസ്. യാത്രക്കാരുടെ പരാതിയിൽ ഒരു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ  ഡ്രൈവർമാർക്കാണ് പിഴ അടയ്ക്കാനുള്ള  ചലാനുകൾ ലഭിച്ചത്. മോട്ടർ വാഹന നിയമപ്രകാരം 200 രൂപ വരെയാണ് പിഴ. ഡ്രൈവർമാർ ഹ്രസ്വദൂര യാത്രയ്ക്കു വിസമ്മതിക്കുന്നെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്. 

പരാതിപ്പെട്ടാൽ ഉടൻ നടപടി

ടാക്‌സി/ ഓട്ടോ ഡ്രൈവർമാരെ സംബന്ധിച്ച പരാതികൾ 8454999999 എന്ന വാട്സാപ്  നമ്പറിൽ ഫോൺ ചെയ്തോ മെസേജ് ആയോ നൽകാം. പരാതിയിൽ ഉടൻ നടപടിയുണ്ടാകും. ഇതുവരെ ചലാൻ ലഭിച്ച മിക്ക ഡ്രൈവർമാരും യാത്രക്കാരുടെ പരാതികളെ തുടർന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ പിടിക്കപ്പെട്ടവരാണ്. ഡ്രൈവർമാർ വാഹനം നിർത്താതിരിക്കുക, യാത്ര നിരസിക്കുക തുടങ്ങിയ സംഭവങ്ങളിൽ  യാത്രക്കാർക്ക് നമ്പർ പ്ലേറ്റുകളുടെ ഫോട്ടോ എടുത്തു നൽകാം. പരാതിക്കാർ സ്വന്തം വിശദാംശങ്ങളും നൽകണം. പരാതി ട്രാഫിക് പൊലീസിന്റെ @MTPHereToHelp എന്ന ട്വിറ്റർ ഹാൻഡിലിൽ ടാഗ് ചെയ്യാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി സ്ഥിരീകരിച്ച ശേഷം തുടർനടപടിയെടുക്കും.

ഹ്രസ്വദൂര യാത്രകൾ പിടിക്കാതെ ടാക്സികൾ

ടാക്‌സി ഡ്രൈവർമാർ യാത്രയ്ക്കു വിസമ്മതിച്ച  കേസുകൾ കൂടുതലും ദക്ഷിണ മുംബൈയിൽ നിന്നാണെന്ന് പൊലീസ്. യാത്ര നിരസിക്കൽ ഡ്രൈവർമാർ ശീലമാക്കിയെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഹ്രസ്വദൂര യാത്രകളോടാണ് ഈ താൽപര്യക്കുറവ്.  റെയിൽവേ സ്റ്റേഷനുകൾക്കും ബസ് സ്റ്റേഷനുകൾക്കും സമീപത്തു നിന്നു ടാക്സി പിടിക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ പ്രയാസപ്പെടുന്നത്. രണ്ടോ മൂന്നോ ടാക്സിക്കാർ യാത്ര നിരസിച്ച ശേഷമാണ് എല്ലാ ദിവസവും തനിക്ക് ചർച്ച്ഗേറ്റ് സ്റ്റേഷനിൽ നിന്നു ഫോർട്ടിലെ ഓഫിസിലേക്ക് ടാക്സി ലഭിക്കുന്നതെന്നു ഫാസ്റ്റ് ഫുഡ് സ്റ്റാളിൽ ജോലി ചെയ്യുന്ന ഡിക്സൺ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com