ADVERTISEMENT

മുംബൈ ∙ കാർഷെഡ് നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെ നിർദിഷ്ട കൊളാബ- സീപ്‌സ് മെട്രോ 3 പാത യാഥാർഥ്യത്തോടടുക്കുന്നു. ആരേ കോളനിക്കും ബാന്ദ്ര-കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിലുള്ള ആദ്യഘട്ടം ഒരു വർഷത്തിനകം യാത്രക്കാർക്ക് തുറന്നുകൊടുക്കാനാകുമെന്ന് മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസിഎൽ) അധികൃതർ അറിയിച്ചു.

നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പദ്ധതിയായ മെട്രോ 3 പാതയുടെ നിർമാണ ജോലികൾ 76% പൂർത്തിയായിക്കഴിഞ്ഞു.  ആരേ കോളനിയിലെ കാർഷെഡ് നിർമാണവും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന ആരേ കോളനി സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്റ്റേഷനുകളുടെ നിർമാണവും അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. തുടർന്ന് ഈ ഭാഗം മാത്രമായി യാത്രക്കാർക്ക് തുറന്നുകൊടുക്കാനാണ് ഉദേശിക്കുന്നത്. 

പാതയുടെ കാർഷെഡ്, വനമേഖലയായ ആരേ കോളനിയിൽ തന്നെ നിർമിക്കും എന്നുറപ്പായതോടെയാണ് പദ്ധതി വേഗത്തിലായത്. കാർഷെഡ് നിർമാണത്തിനായി 84 മരങ്ങൾ കൂടി മുറിച്ചുനീക്കാൻ കഴിഞ്ഞ ദിവസം മുംബൈ മെട്രോ റെയിൽ കോർപറേഷനു (എംഎംആർസിഎൽ) സുപ്രീംകോടതി അനുമതി നൽകിയിരുന്നു. 

രണ്ടാംഘട്ടം: ബികെസി– കൊളാബ

ബികെസിക്കും കൊളാബയ്ക്കും ഇടയിലുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണം 2024 പകുതിയോടെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നതായി എംഎംആർസിഎൽ അധികൃതർ പറയുന്നു. ആദ്യഘട്ടം 2021 ഡിസംബറിലും രണ്ടാംഘട്ടം ഈ വർഷം ജൂണിലും യാത്രക്കാർക്ക് തുറന്നുകൊടുക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, പദ്ധതി ഇഴഞ്ഞത് കാരണം ചെലവ് തുടക്കത്തിൽ നിശ്ചയിച്ചിരുന്ന 23,000 കോടി രൂപയിൽ നിന്ന് 33,406 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 33.5 കിലോമീറ്റർ നീളമുള്ള പാതയിൽ 27 സ്റ്റേഷനുകളുണ്ട്.

ദക്ഷിണമുംബൈയിലെ ഭരണസിരാകേന്ദ്രമായ മന്ത്രാലയത്തെ കോർപറേറ്റ് ഓഫിസുകളുടെ കേന്ദ്രമായ ബികെസിയുമായും അന്ധേരിയിലെ എംഐഡിസി മേഖലയുമായും ബന്ധിപ്പിക്കുന്ന പാത പൂർണമായി തുറന്നുകൊടുക്കുന്നതോടെ മന്ത്രാലയത്തിലെയും ബികെസി, എംഐഡിസി മേഖലകളിലെയും ഉദ്യോഗസ്ഥർക്കാണ് കൂടുതൽ യാത്രാസൗകര്യമൊരുങ്ങും.  മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ സ്റ്റോപ്പുള്ളതും നേട്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com