മുംബൈ ∙ രാജ്യത്തെ പ്രഥമ ഇലക്ട്രിക് ഡബിൾ ഡെക്കർ എസി ബസ് നിരത്തിലിറങ്ങിന്നു. പുതുവർഷസമ്മാനമായി 50 ഇലക്ട്രിക് ഡബിൾ ഡെക്കർ എസി ബസുകളാണ് ജനുവരി 14ന് ബെസ്റ്റ് പുറത്തിറക്കുന്നത്. ബസിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഇ–ഡബിൾ ഡെക്കർ എസി ബസ് ഓഗസ്റ്റിൽ മുംബൈയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും നിരത്തിലിറക്കും മുൻപുള്ള സാങ്കേതിക പരിശോധനകൾ നടത്തിവരികയായിരുന്നു.
ജനുവരിയിൽ 50 ബസുകൾ ഓടിക്കുന്നതിനു പുറമേ, ജൂലൈയിൽ 150 ഇ–ഡബിൾ ഡെക്കർ എസി ബസുകൾ കൂടി നിരത്തിലിറക്കുമെന്നു ബെസ്റ്റ് അറിയിച്ചു. ആദ്യ ബസുകൾ സിഎസ്എംടി– നരിമാൻ പോയിന്റ്, സിഎസ്എംടി– ബായ്‌ക്ക്ബേ ഡിപ്പോ, കൊളാബ– വർളി, കുർള– ബികെസി– ബാന്ദ്ര എന്നീ റൂട്ടുകളിൽ സർവീസ് നടത്തും.
സൗകര്യങ്ങളറിയാം
∙ ഇറങ്ങാനും കയറാനുമായി 2 വാതിലുകൾ ഉണ്ടാകും. മുൻ ഡബിൾ ഡെക്കറുകളിൽ ഒരു വാതിൽ മാത്രമാണ് ഉണ്ടായിരുന്നത്.
∙ കുലുക്കമില്ലാതെ ഇരിക്കാവുന്ന സീറ്റുകൾ, സിസിടിവി, ഇലക്ട്രോണിക് ഇൻഡിക്കേറ്ററുകൾ.