മുംബൈ ∙ അഹമ്മദാബാദ്– മുംബൈ ദേശീയപാതയിൽ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ച സ്ഥലത്ത് നാഷനൽ ഹൈവേ അതോറിറ്റി ‘ക്രാഷ് കുഷൻ’ സ്ഥാപിച്ചു. അപകടമുണ്ടായാൽ ഇടിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നതാണിത്. യാത്രക്കാരുടെ ജീവനും പരമാവധി സുരക്ഷിതത്വം നൽകും. പാൽഘർ ജില്ലയിലെ സൂര്യാ നദിക്കു കുറുകെയുളള പാലത്തിൽ അപകടസാധ്യത കൂടുതലാണെന്നതിനാലാണ് നടപടി.
സൈറസ് മിസ്ത്രിയുടെ അപകടത്തിൽ കാർ ഓടിച്ചയാൾക്കെതിരെ അതിവേഗത്തിന് കേസെടുത്തെങ്കിലും ഹൈവേ അതോറിറ്റിയുടെ ഭാഗത്തും പാളിച്ചയുണ്ടെന്ന സൂചനയാണ് ഇപ്പോഴത്തെ നടപടി നൽകുന്നത്. ഇതിവിടെ നേരത്തേ സ്ഥാപിക്കുകയോ, ദേശീയപാതയുടെ രൂപരേഖയിൽ സുരക്ഷിതമായ മാറ്റം വരുത്തുകയോ ചെയ്തിരുന്നെങ്കിൽ മിസ്ത്രിയുടെ അപകടത്തിന്റെ ആഘാതം ഇത്ര വലുതാകില്ലായിരുന്നു. മറ്റു പാലങ്ങളുടെ സമീപത്തും ഇതു പോലുള്ള കുഷനുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി ആലോചിക്കുന്നുണ്ട്.
മുന്നറിയിപ്പിന്റെ കുറവും വിനയായി
ആറും എട്ടും വരികളുള്ള പാത ചെറുതാകുകയോ വഴി പിരിയുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിലുണ്ട്. അതില്ലാതെ പോയതാണ് സൈറസ് മിസ്ത്രിയുടെ വാഹനത്തെ അപകടത്തിലേക്ക് നയിച്ച ഒരു കാരണം. രാത്രിയിലും ഡ്രൈവറുടെ കണ്ണിൽപെടുന്ന പാകത്തിൽ ചുരുങ്ങിയത് 100-150 മീറ്റർ മുൻപ് മുതൽ പ്രത്യേക അടയാളം സ്ഥാപിക്കേണ്ടതുണ്ട്.