മുംബൈ ∙ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിന്ന് വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താവുന്ന സിഗ്‌നൽരഹിത ഭൂഗർഭ റോഡ് വരുന്നു. വിമാനത്താവളത്തിൽ നിന്നു ദഹിസർ ഭാഗത്തേക്കു പോകുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പാത. നിർമാണം ആരംഭിച്ചാൽ 3 വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരവികസന വിഭാഗമായ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) പാതനിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ പാത നിർമാണം വേഗത്തിൽ തീർക്കാൻ കഴിയുമെന്ന് എംഎംആർഡിഎ കരുതുന്നു. ഭൂഗർഭപാതയുടെ പഴയ രൂപരേഖപ്രകാരം ഭൂമി ഏറ്റെടുക്കണമായിരുന്നു. എന്നാൽ, രൂപരേഖ പുതുക്കിയതോടെയാണ് അത് ആവശ്യമില്ലാതെ വന്നത്.