ADVERTISEMENT

മുംബൈ∙  ക്രിസ്മസ്, പുതുവത്സര സീസണിലേക്ക് പ്രവേശിച്ചതോടെ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പൂരത്തിരക്ക്.  പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ അവധിക്കാലം പ്രമാണിച്ചു നാട്ടിലേക്ക് പുറപ്പെടുന്നതിനാലാണ് തിരക്കേറിയത്.  തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിൽ നേരത്തെ എത്താൻ മുംബൈ വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി. 

 രാജ്യാന്തര വിമാന യാത്രക്കാർ ബോർഡിങ് സമയത്തിന് മൂന്നര മണിക്കൂർ മുൻപും ആഭ്യന്തര വിമാന  യാത്രക്കാർ രണ്ടര മണിക്കൂർ മുൻപും എത്താനാണ് നിർദേശം. യാത്രാ സംബന്ധമായ നടപടിക്രമങ്ങൾക്കും ഒഴിവാക്കാനാകാത്ത സുരക്ഷാ പരിശോധനകൾക്കും സമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണിത്. ഉത്സവ സീസണിന്റെ ആരംഭത്തിൽ തന്നെ യാത്രക്കാരുടെ എണ്ണമേറിയതോടെ വരും ആഴ്‌ചകളിൽ  തിരക്ക് ഇനിയും കൂടുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഒക്ടോബർ 8ന്, തിരക്ക് കാരണം വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ താറുമാറായി പലരുടെയും യാത്ര മുടങ്ങിയിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ കൗണ്ടറുകളിലെ നീണ്ട ക്യൂവിൽ പലർക്കും മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. യഥാസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് പലരുടെയും യാത്ര മുടങ്ങിയത്. ഇത് ആവർത്തിക്കാതിരിക്കാനാണ് ഇപ്പോഴത്തെ മുൻകരുതൽ.

ട്രെയിനിൽ തത്കാൽ ശരണം

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വരും ദിവസങ്ങളിൽ കൺഫേംഡ് ടിക്കറ്റ് വേണമെങ്കിൽ ഇനി തത്കാൽ തന്നെ വേണ്ടി വരും. മുംബൈയിൽ നിന്നു കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിൻ നേത്രാവതി എക്സ്പ്രസിൽ (16345)  മുംബൈയിൽ നിന്നു തിരുവനന്തപുരം വരെ അടുത്ത ഒരാഴ്ച കാലയളവിൽ സ്ലീപ്പർ ക്ലാസിൽ വെയ്റ്റ് ലിസ്റ്റ് 50നു മുകളിലാണ്. തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 21-45 പരിധിയിലും  സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 13-29 പരിധിയിലുമാണ്. തിങ്കൾ, വെള്ളി ദിവസങ്ങളിലെ കുർള–കൊച്ചുവേളി  ഗരീബ്‌രഥ് എക്സ്പ്രസ്(12201) തേഡ് എസിയിൽ ഈ മാസം 16, 19, 23 തീയതികളിൽ വെയ്റ്റ് ലിസ്റ്റ് നൂറിന് മുകളിലാണ്.

വിമാനനിരക്ക്  ഉയരങ്ങളിൽ

കേരളത്തിലേക്കുള്ള  വിമാന ടിക്കറ്റ് നിരക്കും കുതിക്കുന്നു. മുംബൈ– കൊച്ചി വിമാനങ്ങളിൽ അടുത്ത ഒരാഴ്ച ടിക്കറ്റ് 10,268- 27,000 രൂപ പരിധിയിലാണ്.  മുംബൈ-കോഴിക്കോട്  6,258 – 7,518  രൂപ, മുംബൈ- കണ്ണൂർ 3,899-6,950 രൂപ, മുംബൈ-തിരുവനന്തപുരം 7,308-15,918  രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com