മുംബൈ ടു പുണെ 2 മാസത്തിനകം എത്തും 100 എസി ഇ–ബസുകൾ
Mail This Article
മുംബൈ ∙ മുംബൈക്കും പുണെക്കും ഇടയിൽ എംഎസ്ആർടിസിയുടെ 100 ഇലക്ട്രിക് എസി ബസുകൾ അടുത്ത 2 മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കും. ‘ശിവായ്’ ശ്രേണിയിൽ ഉള്ള ഈ ബസുകൾക്ക് പച്ച നിറമായിരിക്കും. വായു, ശബ്ദ മലിനീകരണവും ഇന്ധനച്ചെലവും കുറയുമെന്നതിനു പുറമേ ഇലക്ട്രിക് എസി ബസുകളിൽ ടിക്കറ്റ് നിരക്കിലും ഇളവുണ്ടാകുമെന്നത് യാത്രക്കാരെ ആകർഷിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
താനെ- പുണെ, ദാദർ- പുണെ, ബോറിവ്ലി- പുണെ, നാസിക്- പുണെ, ഔറംഗബാദ്- പുണെ, കോലാപുർ- പുണെ എന്നീ റൂട്ടുകളിലും വൈകാതെ ഇലക്ട്രിക് എസി ബസ് സർവീസ് ആരംഭിക്കും. നിലവിലുള്ള ഡീസലിൽ ഓടുന്ന ശിവ്നേരി ഇന്റർസിറ്റി ബസുകളെ അപേക്ഷിച്ച് ശിവായ് ഇലക്ട്രിക് എസി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. മുംബൈയിൽ നിന്ന് പുണെയിലേക്കു 390 രൂപയാണ് ശിവ്നേരി ബസിലെ ടിക്കറ്റ് നിരക്കെങ്കിൽ ശിവായ് ഇലക്ട്രിക് എസി ബസിൽ മുംബൈയിൽ നിന്ന് പുണെയിലേക്കുള്ള നിരക്ക് 350 രൂപയായിരിക്കും. കൂടുതൽ ഇലക്ട്രിക് എസി ബസുകൾ നിരത്തിൽ ഇറങ്ങുന്നതിന് അനുസരിച്ച് ശിവ്നേരി ബസുകൾ ഘട്ടംഘട്ടമായി പിൻവലിക്കുകയാണ് ലക്ഷ്യം.