ADVERTISEMENT

മുംബൈ∙  അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മലിനീകരണ നിയന്ത്രണത്തിനും ഊന്നൽ നൽകി 52,619 കോടി രൂപയുടെ ബജറ്റ് ബിഎംസി അവതരിപ്പിച്ചു. ഇതാദ്യമായാണ് ബിഎംസി ബജറ്റ് 50,000 കോടി കവിയുന്നത്. മുൻവർഷം 45,949 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട തീരദേശ റോഡ് പാതയ്ക്കായി 3,545 കോടി രൂപ അനുവദിച്ചു. 

റോഡുകൾ, പാലങ്ങൾ,  മഴവെള്ളം ഒഴുക്കി കളയുന്നതിനുള്ള ഓടകൾ, മാലിന്യ സംസ്കരണം  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കായി 27,247 കോടി രൂപയും നീക്കിവച്ചു. നഗരത്തിന് തണൽ നൽകാൻ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും. തിരക്കേറിയ സ്ഥലങ്ങളിൽ എയർപ്യൂരിഫയർ സ്ഥാപിക്കാൻ 25 കോടി രൂപ ചെലവഴിക്കും. ബിഎംസി ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ ബിഎംസി അഡ്മിനിസ്‌ട്രേറ്റർ ഇഖ്ബാൽ സിങ് ഛാഹൽ ആണ് ബജറ്റ് അവതരിപ്പിച്ചത്.

റോഡിലും സുഖയാത്ര

ഗതാഗതക്കുരുക്കും കുണ്ടും കുഴികളും കാരണം റോഡ് യാത്രയെ ഭയക്കുന്ന നഗരവാസികൾക്ക് ബജറ്റ് പ്രതീക്ഷ പകരും. റോഡ് ഗതാഗതം സുഗമമാക്കുന്ന രണ്ടു പ്രധാന പദ്ധതികൾക്കു ബജറ്റിൽ ഊന്നൽ നൽകി. മറൈൻലൈൻസിൽ നിന്നു കാന്തിവ്‌ലി വരെയുള്ള 29.2 കിലോമീറ്റർ തീരദേശ പാതയുടെ മറൈൻലൈൻസ് മുതൽ ബാന്ദ്ര വർളി സീലിങ്ക് വരെയുള്ള 10.58 കിലോമീറ്റർ ഭാഗമാണ് ബിഎംസി നിർമിക്കുന്നത്. 

ഇതിൽ 69 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്.  നവംബറോടെ പാത തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഗോരേഗാവ്-മുളുണ്ട് ലിങ്ക് റോഡിന് 1,060 കോടി രൂപ വകയിരുത്തി.  മുംബൈയിലെ പശ്ചിമ നഗര പ്രാന്തങ്ങളും താനെ നഗരവും തമ്മിലുള്ള യാത്രാദൂരം കുറയ്ക്കുന്ന പദ്ധതിയാണിത്. കുണ്ടും കുഴികളും ഒഴിവാക്കാൻ  നഗരത്തിലെ എല്ലാ റോഡുകളും അടുത്ത 3 വർഷത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യും.

ഇ-വഴിയിൽ നഗരം

വായുമലിനീകരണം കുറയ്ക്കാൻ  ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കും.  ഈ വർഷം ഡിസംബറോടെ നഗരത്തിൽ  3,400 ഇലക്ട്രിക് ബസുകൾ ഉണ്ടാകുമെന്ന് ഇഖ്ബാൽ സിങ് ഛാഹൽ പറഞ്ഞു.  നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനങ്ങളിൽ  ഒന്നായ ബെസ്റ്റ് ബസിന്  800 കോടി  രൂപ അനുവദിച്ചു. പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ പാർക്കിങ് ആപ്പ് വികസിപ്പിക്കും. പാർക്കിങ്ങിനുള്ള ഇടം മുൻകൂട്ടി ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ ആപ്പ് സഹായിക്കും.

3,347 കോടി വിദ്യാഭ്യാസത്തിന് 

ബിഎംസി സ്കൂളുകളിൽ ഡിജിറ്റൽ  ക്ലാസ് മുറികൾ, ഇ-ലൈബ്രറികൾ എന്നിവ നിർമിക്കും. 1,300 ക്ലാസ് മുറികൾ ആണ് ഈ വർഷം  പ്രൊജക്ടറുകളും കംപ്യൂട്ടറുകളും ഉള്ള ഡിജിറ്റൽ ക്ലാസ് മുറികൾ ആയി മാറുക. എല്ലാ സ്കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിർമിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കോഡിങ്, റോബോട്ടിക്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന നൈപുണ്യ കേന്ദ്രങ്ങൾ (സ്‌കിൽ സെന്റർ) സ്കൂളുകളിൽ  സ്ഥാപിക്കും. സ്കൂളുകളിൽ വാന നിരീക്ഷണ ലാബുകൾ സ്ഥാപിക്കും. കോവിഡ് കാലത്ത് പഠനം ഉപേക്ഷിച്ച അതിഥി തൊഴിലാളികളുടെ മക്കളെ കണ്ടെത്തി സ്കൂളുകളിൽ എത്തിക്കുന്ന പദ്ധതിക്കും പണം അനുവദിച്ചു.  സ്കൂളുകളിലെ പ്രധാന അധ്യാപകർക്കായി  നേതൃത്വ പരിശീലന ക്യാംപുകൾ നടത്തും. 

ആരോഗ്യ കുടുംബം

കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്കുള്ള വിഹിതം കുറച്ചിട്ടുണ്ട്. 6309 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക്  അനുവദിച്ചിട്ടുള്ളത്. മുൻവർഷം ഇത് 6933 കോടിയായിരുന്നു. നേരത്തെയുളള ആരോഗ്യ പരിശോധന, ബോധവൽക്കരണം, ചികിത്സ എന്നിവ ഉൾപ്പെടുന്ന  'ആരോഗ്യ കുടുംബം' എന്ന പദ്ധതി ആവിഷ്കരിച്ചു. അമിത രക്തസമ്മർദം,  പ്രമേഹം, മറ്റ്  രോഗങ്ങൾ എന്നിവ തുടക്കത്തിൽ തന്നെ കണ്ടെത്തി നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. 

ആദ്യഘട്ടമായി അടുത്ത ഏപ്രിൽ  മുതൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള 66 ലക്ഷം പേരെ പരിശോധിക്കും. രണ്ടാം ഘട്ടത്തിൽ 15 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരെ പരിശോധിക്കും. വിവിധ ആശുപത്രികളിലെ രോഗ നിരീക്ഷണ പ്രവർത്തനങ്ങൾ നവീകരിക്കുകയും കംപ്യൂട്ടർവൽകരിക്കുകയും ചെയ്യും.  കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെ കസ്തൂർബ ആശുപത്രിയിൽ മെട്രോപൊളിറ്റൻ ഡിസീസ് സർവൈലൻസ് സെന്റർ സ്ഥാപിക്കും. ഡെങ്കിപ്പനി, ചിക്കുൻഗുനിയ,  എലിപ്പനി, സിക  തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതിന് മുൻപ് കണ്ടെത്തുകയാണ് സെന്ററിന്റെ  ജോലി.

ശുദ്ധവായുവിനായ് പ്രത്യേക പദ്ധതി; അഞ്ചിടങ്ങളിൽ എയർപ്യൂരിഫയറുകൾ സ്ഥാപിക്കും

മുംബൈ∙  ഡൽഹിയെക്കാൾ മോശപ്പെട്ട വായുനിലവാരത്തിലേക്ക് പോകുന്ന മുംബൈ നഗരത്തെ രക്ഷിക്കാൻ ശുദ്ധവായു പദ്ധതി പ്രഖ്യാപിച്ച് ബിഎംസി ബജറ്റ്. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ എയർപ്യൂരിഫയറുകൾ സ്ഥാപിക്കുമെന്നാണ് ബിഎംസി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് . കഴിഞ്ഞ മാസം തുടർച്ചയായി ഏറ്റവും മോശം ഗണത്തിൽ വരുന്ന 300നും 400 നും ഇടയിലായിരുന്നു വായുനിലവാരം.നഗരത്തിന് താങ്ങാവുന്നതിനും അപ്പുറം വലിയ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതാണ് മലിനീകരണതോത് കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതിൽ ബിഎംസിക്കുള്ള പങ്കും വലുതാണ്. 

കടലിന്റെ ആവാസ വ്യവസ്ഥയെ തന്നെ തകർത്ത് പരേൽ, ലോവർ പരേൽ മേഖലയിൽ നടക്കുന്ന തീരദേശ റോഡ് നിർമാണം , ശിവ്‍രി നാവസേവ ട്രാൻസ് ഹാർബർ ലിങ്ക് റോഡ് നിർമാണം, മെട്രോ പദ്ധതികളുടെ നിർമാണം, കണ്ടൽ കാടുകളും, മലകളും കുന്നുകളും ഇടിച്ചുള്ള എയർപോർട്ട് നിർമാണം തുടങ്ങി മലിനീകരണ തോത് കൂട്ടുന്ന നിരവധി നിർമാണ പ്രവർത്തനങ്ങളാണ് ബിഎംസി നടത്തുന്നത്. ഇതെല്ലാം നഗരത്തിലെ അന്തരീക്ഷ മലിനീകരണം കൂട്ടുകയും ശുദ്ധവായുവിൽ കുറവ് വരുത്തുകയും ചെയ്യുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ബിഎംസി ബജറ്റിൽ എയർപ്യൂരിഫയർ പ്രഖ്യാപിച്ചിരിക്കുന്നത്.

എവിടെ ?

∙ ദഹിസർ ടോൾ നാക്ക

∙ മുളുണ്ട് ചെക്ക് നാക്ക

∙ മാൻഖുർദ്

∙ ഹാജി അലി

∙ കലാനഗർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com