മുംബൈ ∙ നഗരത്തിലെ വായുനിലവാരം ഡൽഹിയേക്കാൾ മോശമായിരിക്കെ രോഗബാധിതരാകുന്നവരുടെ എണ്ണവും വർധിക്കുന്നു. ഇന്നത്തെ ഉയർന്ന താപനില 34 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഫക്കെട്ടിനൊപ്പം വിട്ടുമാറാത്ത ചുമ
നഗരം മലിനീകരണത്തിന്റെ പിടിയിലായതോടെ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ വിട്ടുമാറത്ത ചുമയും കഫക്കെട്ടും കൂടുതലായി കാണുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കോവിഡിൽ നിന്ന് മുക്തരായി കുട്ടികൾ സ്കൂളുകളിലേക്കും മുതിർന്നവർ ജോലിക്കും പോയി തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത്.
പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ മൂന്ന് മുതൽ എട്ട് ആഴ്ച വരെ നീണ്ട് നിൽക്കുന്നുണ്ടെന്നു ശിശുരോഗ വിദഗ്ധർ പറഞ്ഞു. ഡിസംബറിൽ തുടങ്ങിയ മഞ്ഞുകാലം പതിവിലുമേറെ നാൾ നീണ്ടുനിന്നതും കുട്ടികളുടെ പ്രതിരോധ ശേഷിയെ ബാധിച്ചു. ഒപ്പം ചിലരിൽ കോവിഡനന്തര പാർശ്വഫലങ്ങളായും ഇത് കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞു.
വായുനിലവാരം വീണ്ടും വളരെ മോശം
നഗരത്തിലെ വായുനിലവാരം ഇന്നലെ രാവിലെ ഏറ്റവും മോശം ഗണത്തിൽ വരുന്ന 306 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോശം ഗണത്തിൽ വരുന്ന 200നും 300നും ഇടയിലായിരുന്ന വായുനിലവാരമാണ് തിങ്കളാഴ്ച ഏറ്റവും മോശം നിലയിലെത്തിയത്.