മുംബൈ ∙ കോവിഡിന് ശേഷം സംസ്ഥാനത്ത് ടെക്നിക്കൽ കോഴ്സുകൾക്ക് ഡിമാൻഡ് കൂടുന്നു. സാങ്കേതിക സ്ഥാപനങ്ങളിലാണ് കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടുന്നത്. എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ആർക്കിടെക്ചർ പ്രോഗ്രാമുകൾ തുടങ്ങിയ കോഴ്സുകളിൽ 20 ശതമാനത്തോളം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഫാർമസി, കൃഷി, മാനേജ്മെന്റ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ 5% വളർച്ചയും ഉണ്ടായിട്ടുണ്ട്.
സ്റ്റേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് സെല്ലിൽ നിന്നുള്ള വിവരങ്ങളിലാണ് കോഴ്സുകൾക്ക് ഡിമാൻഡ് കൂടുന്നുവെന്ന് കണ്ടെത്തിയിരക്കുന്നത്. 2022–23 അധ്യയന വർഷത്തിൽ 1.09 ലക്ഷത്തോളം വിദ്യാർഥികൾ ബിടെക്, ബിഇ പ്രോഗ്രാമുകളിലാണ് പ്രവേശനം നേടിയത്. ബിസിഎ, എംസിഎ കോഴ്സുകളിലേക്കും വിദ്യാർഥികളുടെ ഒഴുക്കുണ്ട്. എംബിഎ കോഴ്സുകൾക്കും ഡിമാൻഡ് ഏറിയിട്ടുണ്ട്.
കോവിഡ്കാലത്ത് ഓൺലൈൻ കോഴ്സുകളിൽ ചേരാതിരുന്ന കുട്ടികളും ഇപ്പോൾ അഡ്മിഷനെടുക്കുന്നുണ്ട്. 2019–21 കാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ട പല കമ്പനികളും വീണ്ടും ആളുകളെ റിക്രൂട്ട് ചെയ്ത് തുടങ്ങിയതോടെ തൊഴിലവസരങ്ങളും വർധിച്ചു. കോഡിങ്ങുമായി ബന്ധപ്പെട്ട കോഴ്സുകളിലും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ കോളജുകൾ കേന്ദ്രീകരിച്ച നടന്ന പ്ലേസ്മെന്റുകളിൽ ഒട്ടേറെ വിദ്യാർഥികൾക്ക് ജോലി ലഭിച്ചതും ടെക്നിക്കൽ കോഴ്സുകളിലേക്ക് കൂടുതൽപ്പേർ എത്തുന്നതിന് കാരണമായി.
ഓഫർ ലെറ്റർ കിട്ടിയിട്ടും കാത്തിരിപ്പ് നീളുന്നു
ഓഫർ ലെറ്റർ നൽകിയിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ പല കമ്പനികളും ഏറെ താമസിക്കുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. ഐടി, ബാങ്കിങ്, ഫിനാൻസ് രംഗങ്ങളിലെല്ലാം ഒട്ടേറെപ്പേർക്ക് ഇത്തരം അനുഭവമുണ്ട്. ക്യാംപസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചെങ്കിലും ഇതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ ജോലി ലഭിച്ച മുംബൈയിലെ പ്രമുഖ കോളജിലെ ബിബിഎ വിദ്യാർഥി ആയുഷ് സിങ് പറഞ്ഞു. മാർച്ചോടെ ഉത്തരവ് ലഭിക്കുമെന്നാണ് കരുതുന്നത്. അതുവരെ ഹോസ്റ്റലിൽ തുടരാനാണ് തീരുമാനമെന്നും ഗുജറാത്തിലെ കച്ച് സ്വദേശിയായ ആയുഷ് പറഞ്ഞു