ADVERTISEMENT

മുംബൈ ∙ കുർളയിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ട്രെയിൻ വീണ്ടും താൽക്കാലികമായി പൻവേലിലേക്കു മാറ്റുന്നു. കുർള സ്റ്റേഷനിലെ അറ്റകുറ്റപ്പണിയെത്തുടർന്ന് 12 മുതൽ മാർച്ച് 18 വരെയാണിത്. ഇൗ 35 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള നേത്രാവതി പുറപ്പെടുന്നതും കേരളത്തിൽ നിന്നുള്ളത് സർവീസ് അവസാനിപ്പിക്കുന്നതും പൻവേലിൽ ആയിരിക്കും. 

മുംബൈയിൽ നിന്നു കേരളത്തിലേക്കുള്ള ഏക പ്രതിദിന ട്രെയിനാണ് നേത്രാവതി. നഗരത്തിലെ മലയാളികൾ ഏറ്റവും ആശ്രയിക്കുന്ന ട്രെയിൻ തന്നെ പൻവേലിലേക്കു മാറ്റുന്നത് ദക്ഷിണ മുംബൈ, താനെ, കല്യാൺ, പവയ്, അന്ധേരി, വസായ് തുടങ്ങി നഗരത്തിന്റെ വിവിധ മേഖലകളിലുള്ള മലയാളികൾക്ക് വലിയ ദുരിതം സൃഷ്ടിക്കും.

നേത്രാവതിയിൽ കയറാൻ നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നു വൻതുക മുടക്കി ടാക്സി പിടിച്ചോ, ലോക്കൽ ട്രെയിനിലോ പൻവേലിൽ എത്തേണ്ട സ്ഥിതി വരും. പൻവേലിൽ ഇറങ്ങുന്നവരെയും ഇതേ ദുരിതമാണ് കാത്തിരിക്കുന്നത്. കുർളയിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള 7–ാം നമ്പർ പിറ്റ് ലൈനിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നേത്രാവതി എക്സ്പ്രസ് സർവീസ് പൻവേലിലേക്കു മാറ്റുന്നത്. 

നേത്രാവതി കുർളയിൽ നിന്ന് മാറ്റുന്നത് ഒഴിവാക്കാനായി ശ്രമം നടത്തിയെങ്കിലും ദക്ഷിണ റെയിൽവേയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചില്ലെന്ന് മധ്യറെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. മംഗളൂരുവിൽ നിന്ന് കുർളയിൽ എത്തുന്ന മത്സ്യഗന്ധ എക്സ്പ്രസ് കുർളയിൽ നിന്നു തിരിച്ച് നേത്രാവതിയായി തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിധമുള്ള നിർദേശമാണ് മധ്യറെയിൽവേ മുന്നോട്ടുവച്ചതെന്നാണ് വിവരം. 

കഴിഞ്ഞ നവംബറിലും കുർളയിലെ അറ്റകുറ്റപ്പണിയെത്തുടർന്ന് ഒരു മാസത്തോളം നേത്രാവതി പൻവേലിൽ നിന്നാക്കിയിരുന്നു. ട്രെയിൻ കുർളയിൽ നിന്നു പൻവേലിലേക്കു മാറ്റുന്നതിനു പകരം രണ്ടു സ്റ്റേഷനുകൾക്കും ഇടയിലെ താനെയിലേക്കു മാറ്റിയാൽ ദുരിതം കുറയ്ക്കാമായിരുന്നു എന്നും യാത്രക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com