വാട്ടർ ടാക്സി സർവീസ് തുടങ്ങി; ബേലാപുർ ടു ഗേറ്റ്‌വേ ഓഫ് ഇന്ത്യ: ഇനി വെള്ളത്തിലും ‘വഴി’യുണ്ട്

ബേലാപുരിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കുള്ള വാട്ടർ ടാക്സി സർവീസ് ബേലാപുർ ജെട്ടിയിൽ മന്ത്രി ദാദാ ഭുസെ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: പിടിഐ
SHARE

മുംബൈ ∙ നവിമുംബൈയിലെ ബേലാപുരിൽ നിന്ന് ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു. ബേലാപുർ ജെട്ടിയിൽ തുറമുഖ വകുപ്പു മന്ത്രി ദാദാ ഭുസെ ഉദ്ഘാടനം ചെയ്തു. പൂർണമായും ശീതീകരിച്ച്, രണ്ടുനിലകളിൽ യാത്രാസൗകര്യം ഉള്ളതാണ് വാട്ടർ ടാക്സി. 140 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. 60 സീറ്റുകൾ ബിസിനസ് ക്ലാസ് എന്ന് വിശേഷിപ്പിക്കുന്ന മുകൾനിലയിലാണ്. 

നേട്ടങ്ങൾ അറിയാം

ഗതാഗതക്കുരുക്കിൽപെടാതെ ഒരു മണിക്കൂർ കൊണ്ട് ബേലാപുരിൽ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ എത്തിച്ചേരാമെന്നതാണു നേട്ടം. കടൽക്കാഴ്ചകൾ ആസ്വദിച്ച്, കടലിൽ നിന്നു മഹാനഗരം കണ്ട് യാത്ര ചെയ്യാം. നിർമാണം അന്തിമഘട്ടത്തിലുള്ള ശിവ്‌രി–നാവസേവ കടൽപാലം വാട്ടർ ടാക്സി യാത്രയിൽ തൊട്ടടുത്ത് കാണാം. 

ചെലവ് കുറവ്

250 രൂപയാണ് ഒരു വശത്തേക്ക് യാത്രയ്ക്കുള്ള നിരക്ക്. ബിസിനസ് ക്ലാസിൽ 350 രൂപയാണ് നിരക്ക്. ബേലാപുരിൽ നിന്നു ദക്ഷിണ മുംബൈയിലേക്ക് ടാക്സിയിൽ 750–1000 രൂപ ചെലവാക്കുന്ന സ്ഥാനത്ത് 250 രൂപയ്ക്ക് വാട്ടർ ടാക്സിയിൽ എത്താമെന്നത് യാത്രക്കാർക്ക് സൗകര്യമാകുമെന്ന് അധികൃതർ പറഞ്ഞു. www.MyBoatRide.com എന്ന വെബ്സൈറ്റിൽ നിന്നു ടിക്കറ്റ് എടുക്കാം. 

സമയക്രമം ഇങ്ങനെ

പ്രവൃത്തിദിവസങ്ങളിലാണ് സർവീസ്. രാവിലെ 8.30ന് ബേലാപുരിൽ നിന്നു പുറപ്പെടും. 9.30ന് ഗേറ്റ് വേയിൽ എത്തും. വൈകിട്ട് 6.30ന് പുറപ്പെടുന്ന മടക്കസർവീസ് 7.30ന് ബേലാപുരിൽ എത്തും. നിത്യേന യാത്ര ചെയ്യുന്നവരെയാണ് വാട്ടർ ടാക്സി അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS