ADVERTISEMENT

മുംബൈ ∙ കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഹോട്ടൽ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ദക്ഷിണ മുംബൈയിലെ മലയാളി ഹോട്ടലുകളിലെ വിശേഷങ്ങളിലൂടെ...

ഡീലക്സ് ഹോട്ടലിലെ പായസമധുരം 

എന്നും ഇലസദ്യ. ഓരോ ദിവസവും ഓരോരോ പായസം. ഈയിടെ േകരളഛായയിൽ പുതുക്കിപ്പണിത ഫോർട്ടിലെ ഡീലക്സ് ഹോട്ടലിലാണ് ഇൗ ‘വെറൈറ്റി’. ഞായറാഴ്ച പാലട,തിങ്കളാഴ്ച മത്തൻ, ചൊവ്വാഴ്ച കാരറ്റ്, ബുധനാഴ്ച പഴം, വ്യാഴാഴ്ച ബീറ്റ്റൂട്ട്, വെള്ളി ശനി ദിവസങ്ങളിൽ വേറെ പ്രഥമൻ എന്നിങ്ങനെയാണ് ഡീലക്സിലെ പായസങ്ങളുടെ നിര നീളുന്നത്.

സദ്യയ്ക്കൊപ്പമാണ് വെറൈറ്റി പായസങ്ങൾ. സീ ഫുഡ് വിഭവങ്ങളാണ് ഇവിടത്തെ സ്പെഷൽ. മലയാളികൾക്കൊപ്പം മഹാരാഷ്ട്രക്കാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടേക്ക് ഒഴുകിയെത്തുന്നത് നളപാചകരുചി ആസ്വാദിക്കാനാണ്. രാവിലെ 11.30 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

ഫിഷ് ബിരിയാണിക്ക് ബോംബെ ഹോട്ടൽ

പതിറ്റാണ്ടുകളായി ദക്ഷിണ മുംബൈയിൽ മലയാളികൾക്കു രുചി വിളമ്പുന്ന ബോംബെ ഹോട്ടലിനു മുന്നിൽ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും നീണ്ടനിര കാണാം. സ്പെഷൽ ഫിഷ് ബിരിയാണിക്കുള്ള ക്യൂ ആണത്.നാലുമണി പലഹാരങ്ങളുടെ കാര്യത്തിലും നാട്ടിലെ രുചി പിന്തുടരുന്ന ഇവർ തലശ്ശേരി സ്പെഷൽ ഐറ്റങ്ങളും നൽകുന്നുണ്ട്. രാവിലെ 7 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

സീഫുഡ് രുചിയുടെ ഫൗണ്ടൻ പ്ലാസ

രുചികൊണ്ടും മെച്ചപ്പെട്ട അന്തരീക്ഷംകൊണ്ടും അതിഥികളുടെ മനസ്സുനിറയ്ക്കുന്ന ഹോട്ടലാണ് ഫൗണ്ടൻ പ്ലാസ. കോവിഡ് കാലത്ത് നേരിട്ടതു വലിയ പ്രതിസന്ധിയാണെങ്കിലും പിന്നീട് തുറന്നതിനു പിന്നാലെ പറയാനുള്ളതെല്ലാം രുചികരമായ അനുഭവങ്ങൾ.കോവിഡ് മടുപ്പിൽ നിന്നു മോചനം തേടി ആളുകൾ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിത്തുടങ്ങിയതോടെ വീണ്ടും നല്ലകാലമെത്തി. 

ഇവിടത്തെ ചെമ്മീൻ ഫ്രൈയും കൂന്തലും ഉൾപ്പെടെയുള്ള സീഫുഡ് വിഭവങ്ങൾ പ്രസിദ്ധമാണ്. കേരളാ പൊറോട്ടയും ചിക്കനുമടക്കം വിവിധ വിഭവങ്ങളും, സദ്യയും ഇവിടെ ലഭിക്കും. രാവിലെ 11 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

സാധാരണക്കാരുടെ സൊസൈറ്റി

ചെറിയ വിലയും കേരളഫുഡുമായി വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോട്ടലാണ് സൊസൈറ്റി. എപ്പോഴും മലയാളികളുടെ തിരക്കു കാണാം. നാടുവിട്ടെത്തിയിട്ടും മലയാളി എന്ന വികാരം മാറത്തവരെല്ലാം ഒന്നിക്കുന്ന സ്ഥലം കൂടിയാണ് ഈ ഹോട്ടൽ. കോവിഡിനു ശേഷം വീണ്ടും മുൻകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഇവർ. ഉപഭോക്താക്കൾ തിരികെ വന്നതിനൊപ്പം കച്ചവടം വീണ്ടും സാധാരണനിലയിലേക്ക് എത്തിയതിന്റെ സന്തോഷവും നടത്തിപ്പുകാരുടെ മുഖത്തുണ്ട്. രാവിലെ 7 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com