ADVERTISEMENT

മുംബൈ ∙ സാധാരണ ലോക്കൽ ട്രെയിനുകളിൽ നിന്ന് എസി ലോക്കൽ ട്രെയിനുകളിലേക്ക് മാറുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധന. പതിവായി ഫസ്റ്റ് ക്ലാസിൽ പ്രതിമാസ പാസ് എടുത്ത് യാത്ര ചെയ്യുന്നവരിൽ ഒരു വിഭാഗമാണ് എസി ട്രെയിനുകളിലേക്ക് ചേക്കേറിയിരിക്കുന്നത്.ചൂടു കൂടിവരുന്നതിനാൽ ഇൗ വേനലിൽ എസി യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമെന്നാണ് നിലവിലെ ട്രെൻഡ് നൽകുന്ന സൂചന.

കഴിഞ്ഞ വർഷം െസപ്റ്റംബർ മുതൽ ഇൗ വർഷം ഫെബ്രുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഫസ്റ്റ് ക്ലാസിൽ നിന്ന് എസിയിലേക്ക് മാറിയവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. വെസ്റ്റേൺ ലൈനിൽ കഴിഞ്ഞ സെപ്റ്റംബറിൽ എസി ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 66,600 ആയിരുന്നത് ഇൗ വർഷം ഫെബ്രുവരിയിൽ 89,200 ആയി. മധ്യറെയിൽവേയുടെ മെയിൻ ലൈനിൽ സെപ്റ്റംബറിൽ 46,000 യാത്രക്കാർ ഉണ്ടായിരുന്നത് ഫെബ്രുവരിയിൽ 47,600 ആയി ഉയർന്നു.

ഇൗ മാസം ചൂടു കൂടിയതിനു പിന്നാലെ എസിയിലേക്കു കൂടുമാറിയവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടെന്നാണ് നിലവിലെ കണക്കുകൾ നൽകുന്ന സൂചന. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ ഇനിയും എസി യാത്രക്കാരുടെ എണ്ണം കൂടും. ചൂട് ഒഴിവാക്കാൻ മൂന്നു മാസം എസിയിൽ യാത്ര ചെയ്തവരിൽ ഒരു വിഭാഗം തുടർന്നും എസിയിൽ തന്നെ തുടർന്നേക്കും.

നിലവിലെ കണക്ക് അനുസരിച്ച് വെസ്റ്റേൺ ലൈനിൽ പ്രതിമാസം ശരാശരി 24 ലക്ഷത്തോളം പേർ എസി ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്.മധ്യറെയിൽവേയിലേ മെയിൻ ലൈനിനേക്കാൾ പശ്ചിമ റെയിൽവേയിലെ വെസ്റ്റേൺ ലൈനിലാണ് എസി യാത്രക്കാരുടെ എണ്ണം വർധിക്കുന്നത്.

മലിനവായു ശ്വസിക്കേണ്ടല്ലോ

‘തിരക്കിൽ നിന്നു മാത്രമല്ല, മുംബൈയിൽ വായുമലിനീകരണത്തിൽ നിന്നും രക്ഷയാണ് എസി ലോക്കൽ യാത്ര. കാറ്റും പൊടിയും പാതയോരത്തെ ദുർഗന്ധവും അടിക്കാതെ യാത്ര ചെയ്യാം. രാവിലെയും വൈകിട്ടും ഓഫിസ് സമയങ്ങളിൽ തിരക്കുണ്ട്. ദിനംപ്രതി അതു കൂടിവരുന്നുണ്ട്.’ 

ജിനു ഏബ്രഹാം, വിരാർ

സുഖയാത്ര, സൗകര്യപ്രദം

‘പതിവായി ഫസ്റ്റ് ക്ലാസിൽ താനെയിൽ നിന്നു സിഎസ്എംടിയിൽ യാത്ര ചെയ്തിരുന്നയാളാണു ഞാൻ. എസി ട്രെയിൻ എത്തിയതോടെ അതിലേക്കു മാറി.  എസി ട്രെയിനിന്റെ സമയം അനുസരിച്ച് ഓഫിസിലേക്കുള്ള യാത്ര നേരത്തേയാക്കി. വീട്ടിലേക്കു മടങ്ങുമ്പോൾ പതിവുസമയത്ത് തന്നെ എസി സർവീസുണ്ട്. തിക്കും തിരക്കുമില്ല. ഓഫിസിലേക്കുള്ള യാത്ര ഇപ്പോൾ സുഖകരം.’

കെ.നചികേത്, താനെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com