മുംബൈ ∙ അനധികൃത മദ്യക്കച്ചവടത്തെ പറ്റി രഹസ്യവിവരം നൽകാൻ ‘ഇൻഫോമർ’ ശൃംഖല രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എക്സൈസ് വകുപ്പും പൊലീസും സഹകരിച്ചാണ് ഇതിനു ക്രമീകരണം ഒരുക്കുക. സംഘത്തിലെ അംഗങ്ങൾ രഹസ്യവിവരം നൽകിയാൽ പാരിതോഷികം നൽകുമെന്നും എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി അറിയിച്ചു.
അനധികൃത മദ്യവിൽപന തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പട്ടിക തയാറാക്കി സൂക്ഷിക്കും.
നിലവിലെ പട്ടികയിൽ ഇല്ലാത്തതും സ്ഥിരമായി മദ്യക്കച്ചവടം നടത്തുന്നവരുമായ ആളുകളുടെ വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം. പദ്ധതിക്കായി ജില്ല തിരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിപ്പണം അനധികൃത മദ്യക്കച്ചവടത്തിലൂടെ നഷ്ടമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.