ADVERTISEMENT

മുംബൈ ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന 8 വരി തീരദേശ റോഡ് പദ്ധതിയുടെ ആദ്യഘട്ടം ഇനിയും വൈകും. മറൈൻലൈൻസ് മുതൽ ബാന്ദ്ര-വർളി സീലിങ്ക് വരെയുള്ള ആദ്യഘട്ടം പൂർത്തിയാക്കാനുള്ള സമയപരിധി ബിഎംസി അടുത്ത വർഷം മേയ് വരെ നീട്ടി. ഈ വർഷം നവംബറോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് നിർമാണം നീളുന്നതെന്നു ബിഎംസി അധികൃതർ വെളിപ്പെടുത്തി. തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്ന മെഷീൻ കേടായതിനെ തുടർന്ന് ആ ജോലി 3 മാസത്തേക്ക് നിർത്തിവച്ചിരുന്നു. ഇറ്റലിയിൽ നിന്നുള്ള സ്പെയർപാർട് എത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച മാത്രമാണ് ജോലി പുനരാരംഭിക്കാനായത്. പാതയുടെ ആദ്യ ഘട്ടം പൂർത്തിയായാൽ ആ റൂട്ടിലെ യാത്രാ സമയം 70% കുറയുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന ഉപഭോഗത്തിലും 34% ലാഭമുണ്ടാകും. 

5 വർഷം; പൂർത്തിയായത് 72% മാത്രം

മറൈൻലൈൻസിൽ നിന്നു കാന്തിവ്‌ലി വരെയുള്ള 29.2 കിലോമീറ്റർ പാതയുടെ മറൈൻലൈൻസ് മുതൽ ബാന്ദ്ര-വർളി സീലിങ്ക് വരെയുള്ള 10.58 കിലോമീറ്റർ ഭാഗമാണ് (ആദ്യ ഘട്ടം) ബിഎംസി ഇപ്പോൾ നിർമിക്കുന്നത്. മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്‌മെന്റ് അതോറിറ്റി(എംഎംആർഡിഎ)ക്കാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണ ചുമതല. ആദ്യഘട്ടത്തിന്റെ നിർമാണത്തിന് 2018ൽ ബിഎംസി തുടക്കമിട്ടിരുന്നെങ്കിലും പാരിസ്ഥിതിക അനുമതി വിഷയത്തിലുള്ള കോടതി നടപടികളും കോവിഡ്കാല ലോക്ഡൗണും കാരണം പദ്ധതി ഇഴഞ്ഞു. 

  കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി ഈ വർഷം വർഷം നവംബറോടെയെങ്കിലും പൂർത്തിയാക്കാനായിരുന്നു ശ്രമം. നിലവിൽ പദ്ധതിയുടെ 72% പൂർത്തിയായിട്ടുണ്ടെങ്കിലും ബാക്കി ജോലികൾ നവംബറോടെ പൂർത്തിയാകാൻ സാധ്യതയില്ല എന്നു വ്യക്തമായതോടെയാണ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.

2.07 കിലോമീറ്റർ വീതമുള്ള രണ്ടു തുരങ്കങ്ങൾ പാതയിലുണ്ട്. ആദ്യത്തെ തുരങ്കം നിർമിക്കാൻ ഒരു വർഷമെടുത്തു. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 156 മീറ്റർ ഇനിയും ബാക്കിയുണ്ട്.ആകെ 8,429 കോടി രൂപയാണ് പദ്ധതിക്കായി ബിഎംസി ചെലവഴിക്കുന്നത്. കഴിഞ്ഞ മാസം അവതരിപ്പിച്ച ബിഎംസി ബജറ്റിൽ പദ്ധതിക്കായി 3,545 കോടി രൂപ അനുവദിച്ചിരുന്നു.

മറൈൻ ഡ്രൈവിൽ ഗതാഗത നിയന്ത്രണം

തീരദേശ റോഡ് പദ്ധതിയുടെ ഓടനിർമാണത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവ് വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ബിഎംസി. മറൈൻ ഡ്രൈവിന്റെ വടക്കുഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ തെക്കുഭാഗത്ത് കൂടി വേണം യാത്ര നടത്താനെന്നും സന്ദർശകരായി എത്തുന്നവർ തെക്കുഭാഗത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശമുണ്ട്.പദ്ധതിയുടെ അവസാനഘട്ടമായാണ് ഓടനിർമാണം ആരംഭിച്ചതെന്നും പണി പൂർത്തിയാക്കാൻ മാസങ്ങൾ എടുക്കുമെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com