കോവിഡ്, എച്ച്3എൻ2 കേസുകൾ കൂടുന്നു; കരുത‍ൽക്കരുത്തിന്റെ കോട്ടകെട്ടാം

covid-h3n2
SHARE

മുംബൈ ∙ കോവിഡ്, എച്ച്3എൻ2 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക്. ആളുകൾ കൂട്ടമായി പരിശോധനയ്ക്കെത്തുന്നത് ഒഴിവാക്കാൻ, ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്കു മാത്രം എച്ച്3എൻ2 പരിശോധന മതിയെന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ ഇറക്കിയേക്കും. അത്യാവശ്യമുള്ളവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണിത്. ചെറിയലക്ഷണങ്ങളുള്ള പലർക്കും ആശുപത്രി പ്രവേശനം ആവശ്യമില്ലെന്നും കൃത്യമായി മരുന്നു കഴിച്ചാൽ വീട്ടിലിരുന്നു തന്നെ സുഖം പ്രാപിക്കാമെന്നുമാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് എച്ച്3എൻ2 കേസുകളുടെ എണ്ണം 249 ആയി. ഇതുവരെ 6 പേർ മരണമടമഞ്ഞു. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,648 ആയി. ഇൗ വർഷം ഇതുവരെ 3 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 280 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ്, എച്ച്3എൻ2 എന്നിവയുടെ രോഗലക്ഷണങ്ങൾ തമ്മിലുള്ള സാമാനത ഡോക്ടർമാരെ കുഴപ്പിക്കുന്നുണ്ട്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, ഛർദി, ന്യുമോണിയ എന്നിവയാണ് എച്ച്3എൻ2ന്റെ പ്രധാന ലക്ഷണങ്ങൾ. പനി 4-5 ദിവസം നീണ്ടുനിന്നേക്കും. കടുത്ത ചുമയും തൊണ്ട വേദനയ്ക്കൊപ്പമുള്ള ശബ്ദമാറ്റവും എച്ച്3എൻ2ന്റെ പ്രത്യേകയാണ്. പനി, ചുമ, കുളിര്, ശ്വാസതടസ്സം, ഓക്സിജന്റെ അളവ് കുറയുക, ക്ഷീണം, പേശി വേദന, തൊണ്ട വേദന, ഛർദി, വയറിളക്കം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ.

വീണ്ടും മാസ്ക് മസ്റ്റ് ?

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കുന്നതിനു സർക്കാരിനു മേൽ സമ്മർദമേറുകയാണ്. കോവിഡ് ഭീഷണി കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിലാണ് മാസ്ക് നിബന്ധന പിൻവലിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ മാസ്‌ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി താനാജി സാവന്ത് നിയമസഭാ കൗൺസിലിൽ പ്രസ്താവന നടത്തണമെന്ന് കൗൺസിൽ ഡപ്യൂട്ടി ചെയർപേഴസൺ നീലം ഗോർഹെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

 മാസ്ക് നിർബന്ധമാക്കണമെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക്ഫോഴ്‌സ് മുൻ അധ്യക്ഷൻ ഡോ.സഞ്ജയ് ഓക്കും നിർദേശിച്ചിരുന്നു. നിലവിൽ ഫ്ലൂ ലക്ഷണങ്ങളുള്ളവരിൽ നിന്നു മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ ഉള്ളവർ ആസ്മ, സിഒപിഡി ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കീമോതെറാപ്പിക്ക് വിധേയരായവർ, അവയവ മാറ്റത്തിന് വിധേയരായവർ, ഗർഭിണികൾ എന്നിവരും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS