ചുറ്റിക്കറങ്ങാം, കീശ കീറാതെ

mumabi-city
SHARE

മുംബൈ ∙ ഇവിടെയെത്തുന്ന ഏവരെയും ഇരുകയ്യും നീട്ടി സ്വീകരിച്ച്, അവർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒരുപടി മുൻപിലാണ് മഹാനഗരം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിൽ ശ്രദ്ധ നേടുന്ന നഗരത്തിന്റെ വലിയ പ്രത്യേകതകളിൽ ഒന്നാണ് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ.

ലോക്കൽ ട്രെയിനുകൾ, എസി ലോക്കലുകൾ, മെട്രോ സർവീസുകൾ, വാട്ടർ ടാക്സി, ബെസ്റ്റ് അടക്കമുള്ള വിവിധ മുനിസിപ്പൽ കോർപറേഷനുകളുടെ ബസ് സർവീസുകൾ, കാലിപീലി ടാക്സികൾ തുടങ്ങിയ ഗതാഗത സൗകര്യങ്ങളാണ് നഗരത്തിലൂടെയുള്ള യാത്രകൾ സുഗമമാക്കുന്നത്. നഗരത്തിലെത്തുന്നവരുടെ സുഗമയാത്രയ്ക്ക് ഉതകുന്ന വിവിധ പദ്ധതികളെക്കുറിച്ചും പാക്കേജുകളെക്കുറിച്ചും അറിയാം...

അവധിദിനങ്ങൾ ഇനി ‘ബെസ്റ്റ്’ ഡേയ്സ് !

ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും നഗരത്തിലെത്തുന്നവരുടെ സഞ്ചാരം സുഗമമാക്കാൻ ബെസ്റ്റ് ബസുകൾ കൂടുതൽ സർവീസ് നടത്തും. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളും കുടുംബമായി അവധിദിനം ആഘോഷിക്കാനെത്തുന്നവരും യാത്രാക്ലേശം നേരിടുന്നതിനെ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.

സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി 50% സർവീസുകൾ മാത്രമാണ് ഞായറാഴ്ചകളിലും അവധിദിനങ്ങളിലും ബെസ്റ്റ്  നടത്തിയിരുന്നത്. ടാക്സി സർവീസുകളുടെ എണ്ണത്തിലും ഞായറാഴ്ച കുറവുണ്ട്.25,000 ടാക്സികൾ നഗരത്തിലുണ്ടെങ്കിലും ഇതിൽ 40% പേരും ഞായറാഴ്ച ഓട്ടത്തിനുണ്ടാവാറില്ല.   നിലവിൽ, ബെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 3,500ലേറെ ബസുകൾ പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. 35 ലക്ഷത്തോളം പേരാണ് ഈ ബസുകളെ ആശ്രയിക്കുന്നത്.

  മെട്രോ 2എ, 7: മൊബിലിറ്റി കാർഡ് ഉപയോഗിച്ചാൽ 20% വരെ നിരക്കിളവ്   ഇഷ്ടംപോലെ യാത്രയ്ക്കായി

 വാരിക്കോരി ഇളവുകൾ 

മെട്രോ 2എ, 7 വിജയകരമായി രണ്ടു മാസം പിന്നിട്ടതോടെ ഓഫറുകൾ പ്രഖ്യാപിച്ച് മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (എംഎംഒസിഎൽ). യാത്രക്കാർക്കായി പ്രതിമാസ പാസും ഒട്ടേറെ കിഴിവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  

പതിവായി യാത്ര ചെയ്യുന്നവർക്കും മുംബൈ 1 നാഷനൽ മൊബിലിറ്റി കാർഡ് ഉപയോഗിക്കുന്നവർക്കും അവരുടെ 45 യാത്രകളിൽ  15% കിഴിവും 60 യാത്രകളിൽ 20% കിഴിവും ലഭിക്കും. ഒരു ദിവസം ഒന്നിലേറെ സ്ഥലങ്ങളിൽ പോകേണ്ടവർക്കായി അൺലിമിറ്റഡ് ട്രിപ് പാസുകളും ലഭ്യമാണ്

മുംബൈ 1 നാഷനൽ മൊബിലിറ്റി കാർഡ്

മുംബൈ 1 നാഷനൽ മൊബിലിറ്റി കാർഡ് ഇന്ത്യയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും മുംബൈയിലെ സിറ്റി ബസുകളിലും ഉപയോഗിക്കാവുന്ന സ്മാർട്ട് കാർഡാണ്. എടിഎം കാർഡിന് പകരമായും ഉപയോഗിക്കാം. ആവശ്യമായ തിരിച്ചറിയൽ രേഖകളും ഫോട്ടോയും നൽകിയാൽ മുംബൈ മെട്രോ റെയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്നു കാർഡ് വാങ്ങാനാവും. 

 ബെസ്റ്റിന്റെ ഓഫിസുകളിലും കാർഡ് റീചാർജ് ചെയ്യാം. 

കാർഡ് വാങ്ങിയ തീയതി മുതൽ ഒരു മാസത്തേക്ക് 60 തവണ വരെ യാത്ര ചെയ്യാം. കാർഡ് കേടായെങ്കിലോ പ്രവർത്തിക്കുന്നില്ലെങ്കിലോ 100 രൂപ റിപ്ലേസ്മെന്റ് ഫീസ്. കാർഡ് നഷ്ടപ്പെട്ടാൽ റീഫണ്ട് ചെയ്യില്ല.

അൺലിമിറ്റഡ് ട്രിപ് പാസ്

നഗരത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റു സന്ദർശകർക്കും പ്രയോജനപ്പെടുന്ന പാക്കേജാണ് അൺലിമിറ്റഡ് ട്രിപ് പാസ്. ഒരു ദിവസം ഒന്നിലേറെ സ്ഥലങ്ങളിൽ പോകുകയോ ആളുകളെ കാണുകയോ ചെയ്യേണ്ടവർക്ക് 80 രൂപ മുടക്കിയാൽ ഇഷ്ടംപോലെ യാത്ര ചെയ്യാനാകും. 

മൂന്ന് ദിവസത്തെ അൺലിമിറ്റഡ് ട്രിപ് പാസിന് 200 രൂപയാണ് വില. സ്ത്രീകൾക്ക് സന്തോഷയാത്ര!

എംഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് യാത്രാചർജിൽ 50% ഇളവുണ്ട്. വനിതാദിനമായ മാർച്ച് 8 മുതലാണ് ഇളവ് നൽകിത്തുടങ്ങിയത്. 

  എസി, നോൺ എസി, വോൾവോ എന്നിവ ഉൾപ്പെടെ എംഎസ്ആർടിസിയുടെ എല്ലാത്തരം ബസുകളിലും ഇളവ് ലഭിക്കും.

എസി ബസിലും ടിക്കറ്റ് നിരക്ക് കുറച്ച് ടിഎംടി

താനെ മുനിസിപ്പൽ ട്രാൻസ്പോർട് (ടിഎംടി) എസി ബസുകളിലെ ടിക്കറ്റ് നിരക്ക് 50% വരെ കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടി. പുതുക്കിയ നിരക്കു പ്രകാരം, ടിഎംടി എസി ബസുകളുടെ മിനിമം ചാർജ് (ആദ്യ രണ്ട് കിലോമീറ്ററുകൾക്ക്) 20 രൂപയിൽ നിന്നു 10 രൂപയായി. പരമാവധി നിരക്ക് 105 രൂപയിൽ നിന്ന് 65 രൂപയായും കുറഞ്ഞു.

പാസുകൾ മറക്കാതെ പുതുക്കാം 

വസായ് വിരാർ മുൻസിപൽ കോർപറേഷൻ വക ബസുകളിൽ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഡയാലിസിസ് തുടരുന്നവർ, അർബുദ രോഗികൾ എന്നിവർക്ക് നൽകിയ സൗജന്യ യാത്രാ പാസുകൾ ഉടൻ പുതുക്കണമെന്ന് നിർദേശമുണ്ട്. 2020 മുതലാണ് വിവിഎംസി സൗജന്യ ഗതാഗത പാസുകൾ അനുവദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA