മുംബൈ∙ പശ്ചിമ റെയിൽവേ 15 കോച്ചുള്ള ലോക്കൽ ട്രെയിൻ സർവീസുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. 6 സർവീസുകളാണ് 12 കോച്ചിൽ നിന്നു 15 കോച്ച് ആക്കുക. നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരും. അതോടെ പശ്ചിമ റെയിൽവേയിലെ 15 കോച്ച് സർവീസുകളുടെ എണ്ണം 144ൽ നിന്ന് 150 ആയി ഉയരും. 6 സർവീസുകളിൽ രണ്ടെണ്ണം ഫാസ്റ്റ് ലൈനിലാണ്. 12 കോച്ച് ട്രെയിനുകളെ അപേക്ഷിച്ച് 15 കോച്ച് ട്രെയിനിൽ 25% യാത്രക്കാരെ അധികം ഉൾക്കൊള്ളാനാകും എന്നതിനാൽ യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും ഈ മാറ്റം.
∙ രണ്ട് ഫാസ്റ്റും 4 സ്ലോയും
വിരാർ-ചർച്ച്ഗേറ്റ് ദിശയിൽ രാവിലെ 09.05നു വിരാറിൽ നിന്നു അന്ധേരിയിലേക്കും (ഫാസ്റ്റ്) വൈകിട്ട് 05.53നു നാലസൊപ്പാരയിൽ നിന്നു അന്ധേരിയിലേക്കും (സ്ലോ) രാത്രി 7.55നു വിരാറിൽ നിന്ന് ബോറിവ്‌ലിയിലേക്കും (സ്ലോ) തിരിച്ചു രാവിലെ 10.13നു അന്ധേരിയിൽ നിന്നു നാലസൊപ്പാരയിലേക്കും (ഫാസ്റ്റ്) വൈകിട്ട് 6.50നു അന്ധേരിയിൽ നിന്നു വിരാറിലേക്കും (സ്ലോ) രാത്രി 8.40നു ബോറിവ്‌ലിയിൽ നിന്നു വിരാറിലേക്കും (സ്ലോ) ആണ് ട്രെയിനുകൾ.
100 പേർക്ക് ഇരിക്കാവുന്ന ലോക്കൽ ട്രെയിൻ കൊച്ചിൽ 400 യാത്രക്കാർ വരെ കയറും എന്നിരിക്കെ 12 കോച്ചുള്ള ട്രെയിനുകളിൽ 3 കോച്ച് കൂടി ചേരുമ്പോൾ 1,200 യാത്രക്കാർക്ക് കൂടി ട്രെയിനിൽ ഇടം കിട്ടുമെന്നതാണ് നേട്ടം. ഇതു കാരണം ഇനി തിരക്കിന് അൽപം ശമനം പ്രതീക്ഷിക്കാം. 15 കോച്ച് ട്രെയിനുകളുടെ നീളത്തിൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചാണ് റെയിൽവേ ഇതിനുള്ള ക്രമീകരണം ചെയ്യുന്നത്. 2009ൽ ആണ് വിരാർ-ചർച്ച്ഗേറ്റ് റൂട്ടിലെ ഫാസ്റ്റ് ട്രാക്കിൽ 15 കോച്ച് ട്രെയിനുകൾ പശ്ചിമ റെയിൽവേ ആദ്യമായി ഇറക്കിയത്.
രണ്ടു വർഷം മുൻപ് സ്ലോ ട്രാക്കുകളിലും 15 കോച്ചുകൾ ഉള്ള ലോക്കൽ ട്രെയിൻ സർവീസുകൾക്ക് പശ്ചിമ റെയിൽവേ തുടക്കമിട്ടു. ഇപ്പോൾ വിരാറിനും ഡഹാണുവിനുമിടയിൽ 15 കോച്ചുകളുള്ള ലോക്കൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. 79 എസി ലോക്കൽ സർവീസുകൾ ഉൾപ്പെടെ 1383 സർവീസുകളാണ് പശ്ചിമ റെയിൽവേ നടത്തുന്നത്.