മുംബൈ ∙ സ്കൂൾ അവധിക്കാലം ആസന്നമായതോടെ നഗരത്തിലെ മലയാളികൾ സ്വന്തം നാട്ടിലേക്കു പോകുന്ന തിരക്കിലാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ഇതിന്റെ തിരക്കുണ്ട്. സംസ്ഥാന ബോർഡിന്റെ എച്ച്എസ്‌സി പരീക്ഷ 20നും എസ്എസ്‌സി പരീക്ഷ 25നുമാണ് അവസാനിച്ചത്. മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഏപ്രിൽ ആദ്യവാരത്തോടെ അവസാനിക്കും. ഇതിനു ശേഷം നാട്ടിലേക്കുള്ള ഒഴുക്ക് ഇനിയും കൂടും.
മുംബൈയിൽ നിന്നുള്ള പ്രതിദിന സർവീസായ കുർള-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിൽ (16345) കുർളയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി വരുന്ന ആഴ്ച സ്ലീപ്പർ ക്ലാസിൽ എല്ലാദിവസവും ആർഎസിയാണ്. തേഡ് എസിയിൽ രണ്ടോ മൂന്നോ ദിവസം ആർഎസിയും മറ്റ് ദിവസങ്ങളിൽ വെയ്റ്റ് ലിസ്റ്റുമായി കഴിഞ്ഞു. സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 8 മുതൽ 24 വരെയായി.
മംഗള എക്സ്പ്രസിൽ (12618) പൻവേലിൽ നിന്ന് എറണാകുളം ജംക്‌ഷനിലേക്ക് സ്ലീപ്പർ ക്ലാസിൽ അടുത്ത ആഴ്ചത്തെ വെയ്റ്റ് ലിസ്റ്റ് 24-35 എന്ന നിലയിലാണ്. തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 10 മുതൽ 14 വരെ എത്തിക്കഴിഞ്ഞു. സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 5 മുതൽ 11 വരെയായി. തിങ്കൾ, വെള്ളി ദിവസങ്ങളിലെ കുർള – കൊച്ചുവേളി ഗരീബ് രഥ് (12201) എക്സ്പ്രസിൽ തേഡ് എസിയിൽ ഈ മാസം 31, അടുത്ത മാസം 3, 7, 10, 14, 17 എന്നീ ദിവസങ്ങളിൽ വെയ്റ്റ് ലിസ്റ്റ് 107-177 എന്ന നിലയിലാണ്.
വിമാനടിക്കറ്റ് ലഭ്യം
മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനസർവീസുകളിൽ അടുത്തയാഴ്ച 4,892- 5,785 നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഇതേ കാലയളവിൽ തിരുവനന്തപുരത്തേക്ക് 4,862- 5,385 രൂപയും കോഴിക്കോട്ടേക്ക് 4,314 രൂപയും കണ്ണൂരിലേക്കു 4,451-6,199 രൂപയുമാണ്.
വർക് ഫ്രം ഹോമുള്ളത് സൗകര്യമായി: റെജി ജോർജ്, സീവുഡ്സ്
‘മകന്റെ എസ്എസ്‌സി പരീക്ഷ കഴിഞ്ഞതിനാൽ അടുത്തയാഴ്ച കുടുംബമായി നാട്ടിൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിലെ ഐടി ജോലികൾ വർക് ഫ്രം ഹോം സംവിധാനത്തിൽ ചെയ്യുന്നതിനാൽ അവധി എടുക്കേണ്ട കാര്യമില്ല. നാട്ടിൽ ചെന്നാലും ലാപ്ടോപ്പിൽ ജോലി തുടരും.’