മുംൈബ ∙ മധ്യവേനൽ അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ കുർളയിൽ (എൽടിടി) നിന്ന് കേരളത്തിലൂടെ കന്യാകുമാരിയിലേക്കും തിരിച്ചും പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ഏപ്രിൽ ആറിനും ജൂൺ മൂന്നിനും മധ്യേ ആഴ്ചയിൽ ഒരു സർവീസ് വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കുർളയിൽ നിന്നു കൊച്ചുവേളിയിലേക്കാണ് മുംബൈ മലയാളികൾ സ്പെഷൽ ട്രെയിൻ ആവശ്യപ്പെട്ടിരുന്നത്. ഇത്തവണ, ക്രിസ്മസ്– പുതുവത്സര– ശബരിമല സ്പെഷൽ ട്രെയിനും മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്കാണ് പ്രഖ്യാപിച്ചിരുന്നത്.
എൽടിടി– കന്യാകുമാരി (01463)
ഏപ്രിൽ ആറിനും ജൂൺ ഒന്നിനും ഇടയിൽ എൽടിടിയിൽ നിന്ന് വ്യാഴാഴ്ചകളിൽ വൈകിട്ട് 4ന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 11.20ന് കന്യാകുമാരിയിൽ എത്തുന്ന വിധമാണ് സർവീസ്. ബുക്കിങ് നാളെ ആരംഭിക്കും.
കന്യാകുമാരി– എൽടിടി (01464)
ഏപ്രിൽ 8നും ജൂൺ മൂന്നിനും മധ്യേ കന്യാകുമാരിയിൽ നിന്ന് ശനിയാഴ്ചകളിൽ ഉച്ചതിരിഞ്ഞ് 2.15ന് പുറപ്പെട്ട് ഞായറാഴ്ചകളിൽ രാത്രി 9.50ന് എൽടിടിയിൽ എത്തുന്ന വിധമാണ് സർവീസ്.
മറ്റ് സ്റ്റോപ്പുകൾ
താനെ, പൻവേൽ, റോഹ, ചിപ്ലുൺ, രത്നഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാർവാർ, ഉഡുപ്പി, മംഗളൂരു ജംക്‌ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ ജംക്‌ഷൻ.
17 കോച്ചുകൾ
1 സെക്കൻഡ് എസി, 3 തേഡ് എസി, 8 സ്ലീപ്പർ, 3 ജനറൽ കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിൻ.
മറ്റ് പ്രതിവാര സ്പെഷലുകൾ
∙ പുണെ–സാവന്ത്‌വാഡി–പുണെ (01211 / 01212)
∙ സാവന്ത്‌വാഡി റോഡ്–പൻവേൽ–സാവന്ത്‌വാഡി റോഡ് (01216 / 01215)
∙ പൻവേൽ–കർമലി–പൻവേൽ (01213 / 01214)