ADVERTISEMENT

മുംബൈ ∙ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവേകി ശിവ്‌രി– നാവസേവ കടൽപാലം. 5 മാസത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നതിനാൽ പ്രമുഖ ഫ്ലാറ്റ് നിർമാതാക്കളെല്ലാം തങ്ങളുടെ വെബ്സൈറ്റുകളിൽ ഫ്ലാറ്റിൽ നിന്നു കടൽപാലത്തിലേക്കുള്ള ദൂരമറിയിച്ച് പരസ്യങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. പാലം നവിമുംബൈയെ നഗരത്തോട് ഏറെ അടുപ്പിക്കും എന്നത് പരമാവധി ‘കച്ചവടം’ ആക്കാനുള്ള ശ്രമത്തിലാണ് റിയൽ എസ്റ്റേറ്റ് കമ്പനികൾ. 

മുംബൈ –നവിമുംബൈ യാത്രയ്ക്ക് നിലവിൽ വേണ്ട 2 മണിക്കൂർ യാത്രാസമയം, കടൽപാലം തുറന്നുകഴിയുമ്പോൾ 20 മിനിറ്റായി കുറയുമെന്നതു തന്നെയാണ് പരസ്യങ്ങളുടെ ഹൈലൈറ്റ്. ഇതിനൊപ്പം, നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിലേക്കുള്ള ദൂരക്കുറവും ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്.  2024 അവസാനത്തോടെ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതെല്ലാം കണക്കുകൂട്ടി വൻതോതിൽ ഭൂമിയിടപാടുകൾ മേഖലയിൽ നടക്കുന്നുണ്ട്. 

ഫ്ലാറ്റുകൾക്ക് വില കൂടുന്നു 

ശിവ്‌രി– നാവസേവ കടൽപാലം, റായ്ഗഡ് ജില്ലയ്ക്ക് ഒന്നാകെ നേട്ടം ഉണ്ടാക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രതീക്ഷ. ഉൾവെ, ഖാർകോപ്പർ, ദ്രോണഗിരി, ബാമൻ ഡോംഗ്രി, ഉറൻ എന്നിവിടങ്ങളില്ലെല്ലാം വലിയ തോതിൽ ഫ്ലാറ്റ് നിർമാണം നടക്കുന്നുണ്ട്. 2 വർഷം മുൻപ് 35 ലക്ഷത്തിന് ലഭിച്ചിരുന്ന 1ബിഎച്ച്കെ ഫ്ലാറ്റുകൾക്ക് ഇപ്പോൾ 50 ലക്ഷത്തിലേറെയായി വില. 3 ബിഎച്ച്കെ ഫ്ലാറ്റുകൾ 90 ലക്ഷത്തിനും 1.25 കോടിക്കും ഇടയിൽ ലഭ്യമാണ്. 

യാത്രാസൗകര്യങ്ങൾ കൂടുന്നതോടെ വിലയും വർധിക്കുമെന്നാണു കരുതുന്നത്. നിലവിൽ ഖാർകോപ്പർ വരെ മാത്രമാണ് ലോക്കൽ ട്രെയിനുള്ളത്. ഖാർകോപ്പർ മുതൽ ഉറൻ വരെയുള്ള പാത നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സബേർബൻ സർവീസിനായി കാത്തിരിക്കുകയാണ്. ഇതെല്ലാം റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 

നിക്ഷേപകരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി പൻവേലും മാറുന്നുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരിൽ നിന്ന് ലഭിക്കുന്ന സൂചന. ഗതാഗത സൗകര്യങ്ങൾക്കൊപ്പം സാമൂഹിക– സാമ്പത്തിക സാഹചര്യങ്ങളും പൻവേൽ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. ഇതിനൊപ്പം പുണെ, ലോണാവാല, കർജത്ത്, ബികെസി തുടങ്ങി പ്രധാനകേന്ദ്രങ്ങളിലേക്കു പോകാനുള്ള സൗകര്യങ്ങളും മേഖലയെ നിക്ഷേപകരുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. ബികെസിയുടെ മാതൃകയിൽ ഖാർഘറിനെ വികസിപ്പിക്കാനുള്ള പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. 

ട്രക്കുകളുടെ മരണപ്പാച്ചിലും കുറയും 

‘ശിവ്‌രി- നാവസേവ കടൽപാലം ഗതാഗത യോഗ്യമാകുന്നതോടെ മുംബൈയിൽ നിന്നു നവിമുംബൈയിലേക്കുള്ള ദൂരം കുറയുമെന്നതിലുപരി നെരൂൾ- ജെഎൻപിടി റോഡിലൂടെയുള്ള കണ്ടെയ്നർ ട്രക്കുകളുടെ മരണപ്പാച്ചിലിനു ഒരു പരിധിവരെ അറുതി വരും. ഇപ്പോൾ ഈ റോഡിലൂടെ നാവസേവ പോർട്ടിലേക്കു പോകുന്ന ട്രക്കുകളിൽ ഭൂരിപക്ഷവും വരുന്നത് മുംബൈ ഭാഗത്തു നിന്നാണ്.’ 

∙ വടശ്ശേരിൽ സോമൻ, നെരൂൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com