ADVERTISEMENT

മുംബൈ ∙ നഗരത്തിൽ നിന്ന് നവിമുംബൈയിലേക്കും താനെയിലേക്കും എസി ഇലക്ട്രിക് പ്രീമിയം ബസ് സർവീസുമായി ‘ബെസ്റ്റ്’. ഇന്ന് രാവിലെ 8ന് പുതിയ എസി ഇലക്ട്രിക് ബസുകൾ യാത്ര തുടങ്ങും. പ്രധാനമായും ഓഫിസ് ജീവനക്കാരെയാണ് ലക്ഷ്യമിടുന്നത്. മുംബൈ കോർപറേഷനു കീഴിലുള്ള ബസ് സർവീസ് വിഭാഗമായ ‘ബെസ്റ്റ്’ ദീർഘദൂരം യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ബസുകളിൽ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ട്, സിഗ്‌നൽ പ്രശ്നം എന്നിവ കാരണം ട്രെയിൻ സർവീസുകൾ വൈകാനും മുടങ്ങാനും സാധ്യതയുള്ളതുകൂടി മുന്നിൽ കണ്ടാണിത്. 

അടിമുടി അടിപൊളി

മികച്ച സൗകര്യങ്ങളാണ് പ്രീമിയം ബസുകളിൽ ഒരുക്കിയിട്ടുള്ളത്. ആരെയും നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല. മികച്ച പുഷ്ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. രാവിലെ 7 മുതൽ 8.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും കൃത്യമായ ഇടവേളകളിൽ ബസുകളുണ്ടാകും. ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. പ്രതിമാസ പാസ് എടുക്കുന്നവർക്കു മികച്ച ഓഫറുകൾ നൽകാനും പദ്ധതിയുണ്ട്.  

കൈനിറയെ ഓഫർ 

മിനിമം ടിക്കറ്റ് ചാർജ് 30 രൂപയാണ്. ഖാർഘറിൽ നിന്ന് ബികെസിയിലേക്കുള്ള നിരക്ക് 134 രൂപയാണെങ്കിലും തുടക്കത്തിൽ 45 രൂപ മാത്രമേ ഈടാക്കൂ. ഖാർഘറിൽ നിന്ന് അന്ധേരിയിലേക്ക് 149 രൂപ വരുന്ന ടിക്കറ്റ് 50 രൂപയ്ക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു. \

വരുന്നുണ്ട് കൂടുതൽ പ്രീമിയം ബസുകൾ  

നിലവിൽ 60 പ്രീമിയം എസി ബസുകളാണ് ബെസ്റ്റിന്റെ ഉടമസ്ഥതയിലുള്ളത്. ഇത് ജൂൺ രണ്ടാം വാരത്തോടെ 100 ആക്കി ഉയരുമെന്നും അധികൃതർ പറഞ്ഞു. ദക്ഷിണ മുംബൈയിൽ നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു ആദ്യ പ്രീമിയം ബസ് സർവീസ്. പിന്നീട് കൂടുതൽ ബസുകൾ എത്തിയതോടെ റൂട്ടുകളുടെ എണ്ണം കൂട്ടുകയായിരുന്നു. ഇപ്പോൾ 11 റൂട്ടുകളിൽ എസി ഇലക്ട്രിക് പ്രീമിയം ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം 7,000 യാത്രക്കാരാണ് പ്രീമിയം ബസുകൾക്കുള്ളത്.

ഇന്ന് സർവീസ് തുടങ്ങുന്ന ബസുകളുടെ റൂട്ട് 

∙ എസ് 114: ബികെസി–    ഖാർഘർ 

∙ എസ് 115: ബികെസി– ബേലാപുർ 

∙ എസ് 116: അന്ധേരി– ഖാർഘർ 

∙ എസ് 117: അന്ധേരി– ബേലാപുർ 

∙ എസ് 118: അന്ധേരി– താനെ ലോധ അമാര 

∙ എസ് 119: ബികെസി– കുർള 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com