ADVERTISEMENT

മുംബൈ ∙ പാർപ്പിട സമുച്ചയങ്ങളുടെ ഡീംഡ് കൺവെയൻസിനുള്ള (ഭൂമിയുടെ അവകാശരേഖ) ഹൗസിങ് സൊസൈറ്റികളുടെ അപേക്ഷകൾ ഒരു മാസത്തിനകം തീർപ്പാക്കാൻ ഡപ്യൂട്ടി ജില്ലാ റജിസ്ട്രാർമാരെ ചുമതലപ്പെടുത്തി വിജ്ഞാപനമായി. നിലവിൽ 6 മാസമോ അതിലേറെയോ നീളുന്ന പ്രക്രിയയാണ് ഒരു മാസമായി ചുരുങ്ങുക. 

സംസ്ഥാനത്തെ  ഭൂരിപക്ഷം ഹൗസിങ് സൊസൈറ്റികൾക്കും അനുഗ്രഹമാകുന്നതാണ് ഈ നടപടി. പഴക്കം ചെന്ന ഒട്ടേറെ കെട്ടിടങ്ങളുടെ പുനർനിർമാണം ഇതുമൂലം എളുപ്പമാകും. ഇപ്പോൾ താമസിക്കുന്ന പഴയ കെട്ടിടങ്ങളുടെ പുനർനിർമാണം നടന്നാൽ പുതിയ ഫ്ലാറ്റ് ലഭിക്കുമെന്നതിനു പുറമേ അധിക തുക കൊടുത്ത് കൂടുതൽ വലുപ്പമുള്ള ഫ്ലാറ്റ് സ്വന്തമാക്കാനും കഴിയുമെന്നതാണ് നേട്ടം. 

ഇടനിലക്കാര്‍ ഇനി വേണ്ട!

  ഡീംഡ് കൺവെയൻസ് ‘വേഗത്തിൽ’ സംഘടിപ്പിച്ച് നൽകാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ ധാരാളമുണ്ട്. ഇതിനായി ലക്ഷങ്ങളാണ് ഇവർ ഹൗസിങ് സൊസൈറ്റികളിൽ നിന്ന് ആവശ്യപ്പെടുന്നത്. ഇടനിലക്കാർക്കു നൽകുന്ന പണത്തിനു ബിൽ ലഭിക്കില്ലെന്നതിനാൽ ഈ തുകയുടെ കണക്കുകാണിച്ച് താമസക്കാരിൽ നിന്ന് അതു പിരിച്ചെടുക്കുക സൊസൈറ്റി ഭാരവാഹികൾക്ക് എളുപ്പവുമല്ല. ഇക്കാരണം കൊണ്ടു തന്നെ ഭാരവാഹികൾ ഡീംഡ് കൺവെയൻസിനുള്ള നടപടികൾ സ്വീകരിക്കാൻ മടിക്കും. 

മലയാളി സാരഥികള്‍ക്കും സന്തോഷിക്കാം

നഗരത്തിലെ ഒട്ടേറെ ഹൗസിങ് സൊസൈറ്റികളുടെ ഭാരവാഹികളായ മലയാളികൾക്കും ആശ്വാസം പകരുന്നതാണ് ഈ നടപടി. മിക്ക സൊസൈറ്റികളുടെയും ചെയർമാനോ സെക്രട്ടറിയോ ഒരു മലയാളിയാവും. മലയാളികളുടെ വിശ്വസ്തതയും കാര്യശേഷിയും മറ്റുള്ളവർ അംഗീകരിക്കുന്നതു കൊണ്ടുകൂടിയാണിതെന്നു ദീർഘകാലമായി നഗരത്തിൽ താമസിക്കുന്നവർ പറയുന്നു.

എന്താണ് ഡീംഡ് കൺവെയൻസ്?

പാർപ്പിട സമുച്ചയങ്ങളിലെ 60% ഫ്ലാറ്റുകൾ വിറ്റുതീർന്നാൽ ഭൂമിയുടെ അവകാശം ഹൗസിങ് സൊസൈറ്റിക്ക് കൈമാറണം എന്നു നിയമമുണ്ടെങ്കിലും പല കെട്ടിടനിർമാതാക്കളും ഇതു പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് 2008ൽ സംസ്ഥാന സർക്കാർ ഡീംഡ് കൺവെയൻസ് സംവിധാനം കൊണ്ടുവന്നത്.

ഇതുപ്രകാരം, ഭൂമിയുടെ അവകാശരേഖ ലഭിക്കാത്ത സൊസൈറ്റികൾക്കു ഡീംഡ് കൺവെയൻസിനായി ഡപ്യൂട്ടി ജില്ലാ റജിസ്ട്രാർക്ക് അപേക്ഷ നൽകാം. റജിസ്ട്രാർ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഹൗസിങ്  സൊസൈറ്റി ഭാരവാഹികളുടെയും കെട്ടിടനിർമാതാവിന്റെയും വാദം കേട്ട ശേഷം ഭൂമിയുടെ അവകാശം സൊസൈറ്റിക്കു കൈമാറുന്ന വിഷയത്തിൽ തീർപ്പ് പറയും. 

 എന്നാൽ സർക്കാർ സംവിധാനങ്ങളുടെ നൂലാമാലകൾ കാരണം പലപ്പോഴും ഇത് അനന്തമായി നീളുകയായിരുന്നു പതിവ്. പഴക്കമെത്തിയ ഒട്ടേറെ കെട്ടിടങ്ങളുടെ പുനർനിർമാണമാണ് ഇതു മൂലം വൈകിയിരുന്നത്. നിലവിൽ സംസ്ഥാനത്തെ 1,15,172 ഹൗസിങ് സൊസൈറ്റികളിൽ 71,444 എണ്ണത്തിനും കൺവെയൻസ്  ഇല്ല.

തുടർനടപടികൾ വേഗത്തിലാകും : ∙ എ.ടി.സെബാസ്റ്റ്യൻ, സെക്രട്ടറി, പട്ടേൽ പ്രയോഷ യോഗി നിവാസ് കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ഫെഡറേഷൻ, അംബർനാഥ്

‘കൺവെയൻസ് എന്ന കടമ്പ എളുപ്പമാക്കിയതു ഹൗസിങ് സൊസൈറ്റികളിലെ താമസക്കാർക്ക് ഏറെ സന്തോഷം പകരും. സൊസൈറ്റികൾക്ക് ഇനി ജനറൽബോഡി യോഗം ചേർന്നു ഡീംഡ് കൺവെയൻസിനുള്ള തീരുമാനം പാസാക്കി, തുടർനടപടികളുമായി മുന്നോട്ടു പോകാം. കൺവെയൻസ് ലഭിച്ച ശേഷം കെട്ടിട നിർമാണഘട്ടത്തിലും സൊസൈറ്റികൾക്കു സർക്കാർ പിന്തുണ ഉറപ്പുനൽകുന്നതു സ്വാഗതാർഹമാണ്.’

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com