മുംബൈ ∙ സിഎസ്എംടി, കുർള (എൽടിടി) സ്റ്റേഷനുകളിൽ നിന്നു കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം വിപുലീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക്.ഡിസംബറോടെ ഇരുസ്റ്റേഷനുകളിലേയും പ്ലാറ്റ്ഫോം വികസന ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് മധ്യറെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.
സിഎസ്എംടിയിൽ 24 കോച്ചുള്ള ട്രെയിനുകൾ ഓടിക്കാൻ സാധിക്കാത്ത 4 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കുർളയിൽ രണ്ടു പുതിയ പ്ലാറ്റ്ഫോമുകളുടെ നിർമാണവും നടക്കുന്നു.സിഎസ്എംടിയിൽ 18 പ്ലാറ്റ്ഫോമുകളാണ് നിലവിലുള്ളത്.
ഒന്നു മുതൽ ഏഴു വരെ പ്ലാറ്റ്ഫോമുകൾ ലോക്കൽ ട്രെയിൻ സർവീസിനുള്ളതാണ്. എട്ടു മുതൽ 18 വരെ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ദീർഘദൂര സർവീസുകൾ. ഇതിൽ പരമാവധി 18 കോച്ച് വരെയുള്ള ട്രെയിനുകൾ മാത്രം ഉൾക്കൊള്ളാനാകുന്ന 10,11,12,13 പ്ലാറ്റ്‌ഫോമുകളാണ് 24 കോച്ചുള്ള ട്രെയിനുകൾക്കു പ്രവേശിക്കാനാവുന്ന വിധം നീളം കൂട്ടുന്നത്.
കൂടുതൽ ദീർഘദൂര ട്രെയിനുകൾക്കു ഇത് ഇടം നൽകും. നിലവിൽ 45ഓളം ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നു പുറപ്പെടുന്നുണ്ട്.എൽടിടിയിൽ 2 പുതിയ പ്ലാറ്റ്‌ഫോമുകൾ കൂടി വരുമ്പോൾ മൊത്തം പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 7 ആയി ഉയരും. 5 മുതൽ 7 വരെ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ ഇതു സഹായിക്കും. നിലവിൽ, ഇവിടെ നിന്നു 25 ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്നുണ്ട്.
കേരളാ ട്രെയിനുകൾക്കും സാധ്യത
കുർളയിലും (എൽടിടി) സിഎസ്എംടിയിലും കൂടുതൽ പ്ലാറ്റ്ഫോമുകൾ വരുന്നത് കേരളത്തിലേക്ക് ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള വഴി തുറക്കും. തിരക്കേറിയ സീസണിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനും കൂടുതൽ സൗകര്യം നൽകും.
തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ് ആയ നേത്രാവതി, എറണാകുളത്തേക്കുള്ള തുരന്തോ, കൊച്ചുവേളിയിലേക്കുള്ള ഗരീബ് രഥ്, എൽടിടി–കൊച്ചുവേളി എക്സ്പ്രസ് എന്നിവ കുർളയിൽ നിന്നാണ് പുറപ്പെടുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള എൽടിടി–കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് വർധിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.