മുംബൈ ∙ ഇന്ത്യൻ സിനിമയുടെ തലയെടുപ്പായ അമിതാഭ് ബച്ചനും നടിയും ഭാര്യയുമായ ജയാ ബച്ചനും (ജയഭാദുരി) ഇന്ന് വിവാഹത്തിന്റെ 50–ാം വാർഷികം. ആഘോഷപരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ബച്ചൻ കുടുംബം വെളിപ്പെടുത്തിയിട്ടില്ല. 1970കളുടെ തുടക്കത്തിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ വേളയിലാണ് ജയയെ ബച്ചൻ ആദ്യം കാണുന്നത്.
ജയഭാദുരി നടിയെന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ബച്ചനാകട്ടെ സിനിമയിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലും. ഗുഡ്ഡി, ബൻസി ബിർജു എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചെങ്കിലും ബച്ചനും ജയയും നായികാനായകൻമാരായി 1973ൽ പുറത്തിറങ്ങിയ ‘സൻജീർ’ ജീവിതത്തിലും സിനിമയിലും വഴിത്തിരിവായി.
സിനിമയുടെ വിജയം ലണ്ടനിൽ വച്ച് ആഘോഷിക്കാൻ തീരുമാനമെടുത്തിരിക്കെ, വിവാഹം കഴിക്കാതെ ജയയ്ക്കൊപ്പം പോകാൻ അനുവദിക്കില്ലെന്നു ബച്ചന്റെ മാതാപിതാക്കൾ തീർത്തുപറയുകയായിരുന്നു. അങ്ങനെ, 1973 ജൂൺ 3ന് മുംബൈയിലെ സുഹൃത്തിന്റെ വസതിയിൽ വച്ച് ലളിതമായ ചടങ്ങിൽ താലി ചാർത്തി. പിന്നാലെ താരദമ്പതികൾ ലണ്ടനിലേക്കും പറന്നു.
ഹിന്ദി കവി ഹരിവംശറായ് ബച്ചന്റെ മകനാണ് അമിതാഭ്. ബംഗാളി പത്രപ്രവർത്തകനായിരുന്ന തരുൺകുമാർ ഭാദുരിയുടെ മകളാണ് ജയ. സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാംഗമാണ് നിലവിൽ ജയ. താരദമ്പതികളുടെ മകളായ ശ്വേത നന്ദ സിനിമയിൽ നിന്നു മാറിനിൽക്കുമ്പോൾ മകൻ അഭിഷേക്, മരുമകൾ ഐശ്വര്യാ റായ് എന്നിവരിലൂടെ ബച്ചൻ കുടുംബത്തിലെ സിനിമയും പ്രണയവും തുടരുന്നു.