ADVERTISEMENT

മുംബൈ∙ സ്വന്തം പേരിൽ ഫ്ലാറ്റോ വീടോ ആഗ്രഹിക്കുന്ന സ്ത്രീകൾക്കു പ്രോത്സാഹനവുമായി സംസ്ഥാന സർക്കാർ. സ്വന്തം പേരിൽ  പാർപ്പിടം റജിസ്റ്റർ  ചെയ്യുന്ന  സ്ത്രീകൾക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ നൽകുന്ന 1% ഇളവ് നിലനിർത്തിയ സർക്കാർ ഈ ഇളവ് നേടിയവർ 15 വർഷത്തേക്കു പുരുഷൻമാർക്ക് വസ്തു വിൽക്കാൻ പാടില്ല എന്ന വ്യവസ്ഥ പുതിയ വിജ്ഞാപനത്തിലൂടെ നീക്കി. വസ്തു കൈമാറ്റം സുഗമമാക്കുന്ന നടപടി കൂടുതൽ സ്ത്രീകളെ സ്വന്തം പേരിൽ പാർപ്പിടം  വാങ്ങാൻ പ്രേരിപ്പിച്ചേക്കും എന്നാണ് വിലയിരുത്തൽ.  വീടോ ഫ്ലാറ്റോ വാങ്ങുമ്പോൾ മാത്രമേ ഇളവു ലഭിക്കൂ.  

വാണിജ്യ, വ്യാവസായിക സ്വത്തുക്കൾക്ക് ഇളവ് ബാധകമല്ല. സ്ത്രീകൾ തനിച്ചോ മറ്റൊരു സ്ത്രീയെ കൂടെ സഹ ഉടമയാക്കിയോ പാർപ്പിടം വാങ്ങിയാലും ഈ  ഇളവ് ലഭിക്കും. നിലവിൽ മുംബൈ നഗരത്തിലും നഗരപ്രാന്തങ്ങളിലും വസ്തുവിലയുടെ  5%,  മറ്റു നഗരപ്രദേശങ്ങളിൽ 6%,  ഗ്രാമപ്രദേശങ്ങളിൽ 4% എന്നിങ്ങനെയാണ് സ്റ്റാംപ് ഡ്യൂട്ടി. ഇതിൽ ഒരു ശതമാനം ഇളവ് ലഭിക്കുന്നതു  മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വസ്തുവില നോക്കുമ്പോൾ നേട്ടമാണ്. 

2021ലെ ലോക വനിതാ ദിനത്തിൽ (മാർച്ച് 8) ആണു സ്റ്റാംപ് ഡ്യൂട്ടിയിൽ 1% ഇളവ് മുൻ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ വാങ്ങിയ തീയതി മുതൽ 15 വർഷത്തേക്കു സ്വത്ത് പുരുഷൻമാർക്ക് വിൽക്കാൻ സ്ത്രീക്ക് കഴിയില്ല എന്ന നിബന്ധന ചേർത്തിരുന്നു. എന്തെങ്കിലും കാരണവശാൽ വീടു വിൽക്കേണ്ടി വന്നാൽ വാങ്ങാൻ സ്ത്രീകളെ തന്നെ തിരയേണ്ട അവസ്ഥയായിരുന്നു ഇതു മൂലം ഉണ്ടായിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ സ്റ്റാംപ്  ഡ്യൂട്ടിയിലെ ഇളവ് വേണ്ടെന്നു വച്ചവരുമുണ്ട്.

എല്ലാ വീടിനും ഉടമസ്ഥ

എല്ലാ വീടിനും സ്ത്രീകൾക്ക്  ഉടമസ്ഥാവകാശമുള്ള ‍‌‍ഒരു  ഗ്രാമമുണ്ട് മഹാരാഷ്ട്രയിൽ. മറാഠ്‍വാഡ മേഖലയിൽ ഔറംഗബാദ് ജില്ലയിലെ ബകാപുർ ഗ്രാമം. ഗ്രാമത്തിലെ എല്ലാ വീടിന്റെയും നെയിംപ്ലേറ്റിൽ,  ഉടമ അല്ലെങ്കിൽ സഹ ഉടമ എന്ന നിലയിൽ ഒരു സ്ത്രീയുടെ പേരുണ്ടാവും. 2008ൽ ഗ്രാമപ്പഞ്ചായത്ത് പ്രത്യേക ചട്ടമുണ്ടാക്കിയാണ്  ഇത് സാധ്യമാക്കിയത്. മദ്യപാനികളായ  പുരുഷൻമാരിൽ പലരും  പണം കണ്ടെത്തുന്നതിന് കിടപ്പാടം വരെ വിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയമം കൊണ്ട് വന്നത്.  ഇതോടെ ഭാര്യയുടെ സമ്മതമില്ലാതെ ആർക്കും വീടു വിൽക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com