മുംബൈ ∙ സർക്കാർ ഹോസ്റ്റലിൽ പതിനെട്ടുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നഗരം. അതേസമയം, പ്രതിയെന്നു. കരുതപ്പെടുന്ന ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫുലെ ഗേൾസ് ഹോസ്റ്റലിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയെയാണ് ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടത്തിയത്.
ഹോസ്റ്റലിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന പെൺകുട്ടിയെ പുറത്തുകാണാത്തതിനാൽ ജനാല തുറന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഉന്നത ഉദ്യോഗസ്ഥരും ഹോസ്റ്റലിലെത്തി പരിശോധന നടത്തി. മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സുരക്ഷാ ജീവനക്കാരൻ പ്രകാശ് കാനോജിയാണ് പ്രതിയെന്ന സംശയം ബലപ്പെട്ടു. പുലർച്ചെ 5ന് ഹോസ്റ്റലിൽ നിന്നു പുറത്തേക്കിറങ്ങി വരുന്ന ഇയാളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനിടെയാണ് റെയിൽവേ ട്രാക്കിൽ പ്രകാശിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പാർട്‌ടൈം ആയി ജോലി ചെയ്ത് പഠിച്ചിരുന്നയാളാണു കൊല്ലപ്പെട്ട പെൺകുട്ടി. ഹോസ്റ്റലിൽ മതിയായ സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന ആരോപണമുയർന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത് വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകണമെന്നാണ് പരക്കേയുള്ള ആവശ്യം.