ADVERTISEMENT

മുംബൈ ∙ കേരളത്തിൽ കാലവർഷം എത്തിയതിന്റെ ആഹ്ലാദത്തിൽ നഗരം. പതിവനുസരിച്ച് അടുത്തയാഴ്ചയോടെ നഗരത്തിൽ മഴക്കാലം വരവറിയിച്ചേക്കും. കടുത്ത ഉഷ്ണവും ശുദ്ധജല ക്ഷാമവും തുടരുമ്പോൾ മഴ വൈകല്ലേ എന്ന പ്രാർഥനയാണ് എല്ലാവരുടെയും മനസ്സിലുള്ളത്.

അതേസമയം, ബിപർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അതിനാൽ, മഴയ്ക്ക് മുന്നോടിയായുള്ള തയാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലാണ്. മഴക്കാലത്ത് ലോക്കൽ, മെട്രോ സർവീസുകൾ, റോഡ് ഗതാഗതം എന്നിവ തടസ്സപ്പെടില്ലെന്നു ഉറപ്പാക്കാൻ വിവിധ ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്.

ലോക്കൽ ട്രെയിൻ മുടങ്ങില്ല

ട്രാക്കുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ലോക്കൽ ട്രെയിനുകൾ തടസ്സപ്പെടുന്ന സംഭവങ്ങൾക്കു ഈ വർഷം സാധ്യത കുറവാണെന്നാണ് റെയിൽവേ അധികൃതരുടെ അവകാശവാദം. വെള്ളക്കെട്ടിനു സാധ്യതയുള്ള ഇടങ്ങളിൽ വെള്ളം പെട്ടെന്നു ഒഴുകിപ്പോകാൻ ട്രാക്കുകൾക്കു സമീപം 3 മീറ്റർ വരെ ആഴമുള്ള ഓടകൾ നിർമിച്ചിട്ടുണ്ട്. 

സയൺ പോലെ താണനിരപ്പിൽ ട്രാക്കുകളുള്ള സ്ഥലങ്ങളിലാണ് ഇത് ഗുണം ചെയ്യുക. വെള്ളം പെട്ടെന്നു പമ്പ് ചെയ്ത് കളയാൻ മസ്ജിദ്, മസ്ഗാവ്, ബൈക്കുള, ചിഞ്ച്പൊക്ളി, കറി റോഡ്, പരേൽ, ദാദർ തുടങ്ങി 24 ഇടങ്ങളിലായി 166 പമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

കടൽ കാണാൻ പോകേണ്ട

മരംവീഴ്ച, മണ്ണിടിച്ചിൽ, കെട്ടിട ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര സഹായം ഉറപ്പാക്കാൻ 24 വാർഡുകളിലും ബിഎംസി കൺട്രോൾ റൂമുകൾ തുറന്നു. ഏതാണ്ട് 5,361 സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കും. പ്രധാന ബീച്ചുകളിൽ അഗ്നിരക്ഷാ സേനാംഗങ്ങളുടെയും പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും സാന്നിധ്യം ഉണ്ടായിരിക്കും. കനത്ത മഴയിൽ ബീച്ചുകളിൽ അലഞ്ഞുതിരിയരുതെന്ന് അഭ്യർഥിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

മെട്രോ പാതകളിലെ കാറ്റിന്റെ വേഗം അളക്കും

മെട്രോ പാതകളിൽ മഴക്കാല യാത്ര സുഗമമാക്കുന്നത് ഉറപ്പാക്കാൻ കൺട്രോൾ റൂം തുറന്നു. സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും. അടിയന്തര സന്ദർഭങ്ങളിൽ യാത്രക്കാർക്കു 1800 889 0505, 1800 889 0808 എന്നീ നമ്പറുകളിൽ വിളിക്കാം. മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നു അധികൃതർ അഭ്യർഥിച്ചു. 

ദഹിസർ-ഡിഎൻ നഗർ മെട്രോ 2 എ, ദഹിസർ ഈസ്റ്റ്- അന്ധേരി ഈസ്റ്റ് മെട്രോ 7 എലിവേറ്റഡ് പാതകളിലെ സ്റ്റേഷനുകളിൽ കാറ്റിന്റെ വേഗത അളക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ മെട്രോ സർവീസുകൾ തുടരുന്നത് സുരക്ഷിതമാണോ എന്ന് തീരുമാനിക്കാൻ ഇത് അധികൃതരെ സഹായിക്കും.

നിർമാണ സൈറ്റുകളിലെ മണ്ണ് പ്രശ്നമാകുമോ?

നിർദിഷ്ട കൊളാബ-സീപ്‌സ് മെട്രോ 3 പാത ഉൾപ്പെടെയുള്ള പല മെട്രോ നിർമാണ സൈറ്റുകളിലെയും മണ്ണും ബാരിക്കേഡുകളും നീക്കം ചെയ്യാൻ വൈകുന്നതു മഴക്കാലത്തു റോഡ് യാത്ര ദുരിതമയമാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ നിർമാണ സൈറ്റുകളിലെ മണ്ണുനീക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നു മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസി) ഉദ്യോഗസ്ഥർ പറഞ്ഞു. മഴവെളളം ഒഴുകിപ്പോകുന്നത് ഉറപ്പാക്കാൻ ബിഎംസിയുമായി ചേർന്ന് ഓടകൾ വൃത്തിയാക്കുന്നതിനും മഴക്കുഴികൾ നിർമിക്കുന്നതിനുമുള്ള ജോലികളും പുരോഗമിക്കുന്നുണ്ട്.

ആൾനൂഴികളിലെ ആപത്തൊഴിവാക്കാൻ അലാം അടിക്കും

മഴക്കാലത്ത് തുറന്നുകിടക്കുന്ന ആൾനൂഴി(മാൻഹോൾ)കളിൽ വീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആൾനൂഴികളിൽ അലാം ഘടിപ്പിക്കാൻ ബിഎംസി തീരുമാനിച്ചു. ആരെങ്കിലും ആൾനൂഴിയുടെ മൂടി ഇളക്കിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ ആൾനൂഴിയിൽ സ്ഥാപിച്ച ഉപകരണത്തിൽ നിന്നു ബിഎംസി ഓഫിസിൽ മുന്നറിയിപ്പ് ലഭിക്കും. ആൾനൂഴി കവിഞ്ഞൊഴുകാൻ തുടങ്ങുകയാണെങ്കിലും ഉപകരണം മുന്നറിയിപ്പ് അയയ്ക്കും. അപകടസാധ്യതയുള്ള 14 ഇടങ്ങളിലെ ആൾനൂഴികളിലാണ് തുടക്കത്തിൽ ഉപകരണം ഘടിപ്പിക്കുക. 11 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

നടപടികൾ ഹൈക്കോടതി നിർദേശത്തെത്തുടർന്ന്

തുറന്നുകിടക്കുന്ന ആൾനൂഴികൾ പലപ്പോഴും മരണക്കെണികളായി മാറുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേ ഹൈക്കോടതി ബിഎംസിയോട് ആവശ്യപ്പെട്ടിരുന്നു. ആൾനൂഴികൾക്കു മൂടി സ്ഥാപിച്ചാലും മോഷ്ടാക്കളോ സാമൂഹ്യവിരുദ്ധരോ അത് ഇളക്കിക്കൊണ്ടുപോകുന്നു എന്നതായിരുന്നു ബിഎംസി നേരിടുന്ന പ്രശ്നം.

 പുതിയ ഉപകരണം ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 2017ൽ പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ദീപക് അമ്രപുർക്കർ പ്രഭാദേവിക്ക് സമീപമുള്ള ആൾനൂഴിയിൽ വീണുമരിച്ചതിനെ തുടർന്നാണ് വിഷയം ചർച്ചയായത്. തുടർന്നുള്ള വർഷങ്ങളിലും സമാനമായ സംഭവങ്ങൾ ആവർത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com