ചെറുവിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവം: എഎഐബി അന്വേഷണം ആരംഭിച്ചു

Mail This Article
മുംബൈ ∙ മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം റൺവേയിൽ നിന്നു തെന്നിമാറി ഇടിച്ചിറങ്ങി തകർന്ന സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പരുക്കേറ്റ സഹ പൈലറ്റിനെ നട്ടെല്ലു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പരുക്കേറ്റ മറ്റ് ഏഴു പേർക്കും കാര്യമായ പ്രശ്നങ്ങളില്ല. ഇതിൽ നാലു പേർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.നെയിൽ ദിവാൻ എന്ന പൈലറ്റിനാണ് നട്ടെല്ലിനു പരുക്കുള്ളത്. അന്ധേരിയിലെ ക്രിട്ടി കെയർ ഏഷ്യാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം കോകിലാ ബെൻ അംബാനി ആശുപത്രിയിലേക്ക് മാറ്റി അവിടെയായിരുന്നു ശസ്ത്രക്രിയ.
വിശാഖപട്ടണത്തു നിന്നു പുറപ്പെട്ട സ്വകാര്യ വിമാനം വ്യാഴാഴ്ച വൈകിട്ട് മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോഴായിരുന്നു അപകടം. രണ്ടു പൈലറ്റുമാരും കോക്പിറ്റിൽ കുടുങ്ങി. അഗ്നിശമനസേനയാണ് ഇവരെ രക്ഷിച്ചത്. അന്വേഷണത്തിനായി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എഎഐബി ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. സിവിൽ വ്യോമയാന മന്ത്രാലയവും സമാന്തര അന്വേഷണം നടത്തിവരികയാണ്.