ADVERTISEMENT

മുംബൈ ∙ ഗണേശ ഭഗവാനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഉത്സവകാലത്തേക്ക് പ്രവേശിച്ച് നഗരം. എങ്ങും “ഗണപതി ബപ്പാ മോറയാ’’ വിളികൾ മാത്രം. സാർവജനിക് (പബ്ലിക്) ഗണേശ മണ്ഡലുകൾ ഒരുക്കിയ വലിയ ഗണേശ പന്തലുകളിലേക്ക്, ഇടയ്ക്കിടെ പൊടിയുന്ന മഴയെ അവഗണിച്ചും ഭക്തർ ഒഴുക്കിയെത്തുന്നു. നഗരത്തിലെ പ്രശസ്തമായ ഗണേശ മണ്ഡലുകളായ ലാൽബാഗ്‌ ചാ രാജയിലും സയണിലെ ജിഎസ്ബി സേവാ മണ്ഡലിലുമാണ് കൂടുതൽ തിരക്ക്. ഗിർഗാവിൽ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഗണപതി വിഗ്രഹം (മുംബൈ ചാ രാജ) കാണാനും തിരക്കുണ്ട്. 45 അടി ഉയരമാണ് ഇവിടത്തെ വിഗ്രഹത്തിന്.

ഗണേശ പ്രതിഷ്ഠ നടത്തിയ വീടുകളിലും ഹൗസിങ് സൊസൈറ്റികളിലും ഒട്ടേറെപ്പേർ സന്ദർശനത്തിനെത്തുന്നു. ഒട്ടേറെപ്പേർ ഭജനയിരിക്കുന്നു. അന്നദാനത്തിനും ആളുകളേറെയുണ്ട്. സ്കൂളുകൾക്കു 19ന് ആരംഭിച്ച അവധി 25 വരെ നീളുന്നതിനാൽ കുട്ടികൾക്കും ഇത് ആഘോഷകാലം. ഓഫിസുകളിൽ നിന്ന് ഈ ദിവസങ്ങളിൽ അവധിയെടുത്താണ് പലരും വീടുകളിൽ ഗണേശ പ്രതിഷ്ഠ നടത്തുന്നത്. അതിനാൽ, മിക്ക ഓഫിസുകളിലും ഹാജർ കുറവാണ്.

10 ദിവസത്തെ ഗണേശോത്സവത്തിന്റെ ആദ്യദിനമായ 19ന് കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവർ ഗണേശ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരാൻ അതിരാവിലെ വീടുകളിൽ നിന്ന് ഇറങ്ങിയിരുന്നു. പിന്നീട് താളമേളങ്ങളുമായി വീടുകളിലേക്ക് എഴുന്നള്ളിച്ചാണ് പ്രതിഷ്ഠ നടത്തിയത്. ഒട്ടേറെപ്പേർ ഓട്ടോറിക്ഷകളിലും കാറുകളിലും ഗണേശ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ട് പോകുന്നത് കാണാമായിരുന്നു. വീടുകളിൽ ഗണേശ പ്രതിഷ്ഠ നടത്തിയവരിൽ പ്രമുഖ രാഷ്ട്രീയക്കാരും ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുമുണ്ട്.

നിമജ്ജനവും തുടങ്ങി

ഒന്നര ദിവസത്തെ പ്രാർഥനയ്ക്കു ശേഷം ഇന്നലെ പലയിടത്തും ഗണേശ നിമജ്ജനം തുടങ്ങി. കടലിലും ബിഎംസി ഒരുക്കിയ കൃത്രിമക്കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലാണ് നിമജ്ജനം നടക്കുന്നത്. ജലമലിനീകരണം കുറയ്ക്കാനാണ് ബിഎംസി കൃത്രിമക്കുളങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

ഇന്നലെ വൈകിട്ട് വരെ വീടുകളിൽ നിന്നുള്ള ഇരുനൂറോളം ഗണേശ വിഗ്രഹങ്ങളും സാർവജനിക് ഗണേശ പന്തലിലെ ഒരു ഗണേശ വിഗ്രഹവുമാണ് നിമജ്ജനം ചെയ്തത്. കൂടുതൽ നിമജ്ജനം നടക്കുന്ന ജുഹു ചൗപാട്ടി, ശിവാജി പാർക്ക് ചൗപാട്ടി, വെർസോവ തുടങ്ങിയ ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗതാഗത നിയന്ത്രണം; കനത്ത സുരക്ഷ

2,729 സാർവജനിക് (പബ്ലിക്) ഗണേശ പന്തലുകൾ ഉള്ളതിനാൽ നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 13,750 പൊലീസുകാരെയാണ് നഗരത്തിൽ മാത്രം വിന്യസിച്ചിട്ടുള്ളത്.

ഇവരിൽ 11,726 കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർ റാങ്ക് മുതൽ അസിസ്റ്റന്റ് കമ്മിഷണർ റാങ്ക് വരെയുള്ള 2,024 ഉദ്യോഗസ്ഥരും 15 ഡപ്യൂട്ടി കമ്മിഷണർമാരും ഉൾപ്പെടുന്നു. വാഹനങ്ങളുടെ സുഗമ നീക്കത്തിനായി പല റോഡുകളിലും ഹെവി വാഹനങ്ങൾക്ക് ഈ ദിവസങ്ങളിൽ നിരോധനം ഏർപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT