മെട്രോ യാത്രക്കാർക്ക് ഇനി തുടർയാത്ര ഈസി

Mail This Article
മുംബൈ ∙ മെട്രോ സ്റ്റേഷനുകൾക്കു സമീപം 28 ഷെയർ ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ തുറക്കാൻ മുംബൈ മെട്രോപ്പൊലിറ്റൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (എംഎംആർടിഎ) അനുമതി നൽകി. വെർസോവ, ഡിഎൻ നഗർ, അന്ധേരി, ചക്കാല, ഗോരെഗാവ്, ആരെ, ദിൻദോഷി, ആക്കുർളി, പോയ്സർ, മെഗാതാനെ, കാന്തിവ്‌ലി, ദഹിസർ, ദഹിസർ ഈസ്റ്റ്, ആനന്ദ് നഗർ, കന്ദാർപാഡ, മലാഡ് വെസ്റ്റ്, നാഷനൽ പാർക്ക്, ദേവിപാഡ, മണ്ഡപേശ്വർ, ഏക്‌സർ, ബോറിവ്‌ലി, ഷിംപോളി, ഓഷിവാര, ലോവർ ഓഷിവാര, ജോഗേശ്വരി ഈസ്റ്റ്, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ, എയർപോർട്ട് റോഡ്, മരോൾ നാക എന്നീ സ്റ്റേഷനുകളിലാണ് ഷെയർ ഓട്ടോറിക്ഷ/ടാക്സി സ്റ്റാൻഡുകൾ വരിക.
മെട്രോ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് തുടർയാത്ര എളുപ്പമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്ക് മീറ്റർ ചാർജിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണു ഷെയർ വാഹനങ്ങളുടെ നേട്ടം. ഷെയർ ഓട്ടോകളിൽ 3 പേർക്കും ഷെയർ ടാക്സികളിൽ 4 പേർക്കും യാത്ര ചെയ്യാനാകും. വൈകാതെ, എല്ലാ മെട്രോ സ്റ്റേഷനുകളിലും ഷെയർ ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ തുടങ്ങുകയാണ് ലക്ഷ്യം. കൂടുതൽ തിരക്കുള്ള 28 സ്റ്റേഷനുകളാണ് ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്.
വിവിധ റൂട്ടുകളിലേക്കുള്ള ഷെയർ യാത്രയ്ക്കുള്ള നിരക്കുകൾ എംഎംആർടിഎ നിശ്ചയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 40ഓളം ഷെയർ ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ തുറക്കാനും പദ്ധതിയുണ്ട്. നഗരത്തിലെ ഷെയർ ഓട്ടോ സ്റ്റാൻഡുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. സ്ത്രീകളുടെ വരിയിലുള്ള ഷെയർ ഓട്ടോകളിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ആർടിഒ ഓഫിസുകളും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂണിയനുകളും ചേർന്നാണ് ഈ ക്രമീകരണം ഒരുക്കുന്നത്.