ADVERTISEMENT

മുംബൈ ∙ ഒരു ട്രെയിൻ ടിക്കറ്റിന് 6 ലക്ഷം രൂപയോ? വിശ്വസിക്കാൻ പ്രയാസമുണ്ടോ, എന്നാലിത് സത്യമാണ്. നാളെ മുതൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ആരംഭിക്കുന്ന ഡെക്കാൻ ഒഡീസിയിലെ കുറഞ്ഞ ടിക്കറ്റ് നിരക്കാണിത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യവുമുള്ള ഈ ട്രെയിൻ 7 രാത്രിയും 8 പകലുമെടുത്താണ് ലക്ഷ്യസ്ഥാനമായ ഡൽഹിയിലെത്തുന്നത്. വഡോദര, ജയ്പുർ, ഉദയ്പുർ, ആഗ്ര വഴിയാണ് യാത്ര. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സർവീസ് നടത്തുന്ന ട്രെയിനിന്റെ കൂടിയ ടിക്കറ്റ് നിരക്ക് 11 ലക്ഷം രൂപയാണ്.

ആഡംബരത്തിന്റെ അവസാനവാക്കെന്ന് ഡെക്കാൻ ഒഡീസിയെ വിശേഷിപ്പിക്കാം. അത്യാധുനിക സൗകര്യങ്ങളുള്ള കിടപ്പുമുറികളും ഇരിപ്പിടങ്ങളും, മിനിബാർ, വിശാലമായ ഭക്ഷണശാല എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് ട്രെയിനുള്ളത്. ജിം, വായനശാല തുടങ്ങിയ ഇടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാനും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച മുംബൈയിലെ സ്ഥലങ്ങൾ സന്ദർശിക്കാനും യാത്രക്കാർക്ക് അവസരമുണ്ട്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പറഞ്ഞുതരാൻ ടൂറിസ്റ്റ് ഗൈഡുകളും ഒപ്പമുണ്ടാകും. 

മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ട്രെയിനിൽ നൽകുന്നതിന് വേണ്ടി താജ് ഗ്രൂപ്പുമായും സഹകരിക്കുന്നുണ്ട്. 16 കോച്ചുകളുള്ള ട്രെയിനിൽ ഓരോ കോച്ചും പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളവയാണ്. മഹാരാഷ്ട്രയുടെ പാരമ്പര്യം വിളിച്ചോതുന്ന ഇന്റീരിയറുകളും പ്രത്യേകതയാണ്. 2004ൽ സർവീസ് ആരംഭിച്ച ഡെക്കാൻ ഒഡീസി ട്രെയിൻ കോവിഡ് കാലഘട്ടത്തിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT